
തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിത്തിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃത (27) ആത്മഹത്യ ചെയ്തത്.
രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് സുകൃത. അദ്ധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണം എന്ന് ആത്മാഹത്യ കുറിപ്പിൽ ഉള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്ലാസിൽ പോകാതെ സുകൃത ഹോസ്റ്റൽ മുറിയിൽ തന്നെ തുടർന്നു.
മറ്റു വിദ്യാർത്ഥിനികൾ രാത്രിയിൽ മുറിയിൽ എത്തിയപ്പോഴാണ് സുകൃതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കുലശേഖരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പിന്നാലെ ജീവനൊടുക്കി 60കാരന്‍
അതേസമയം, സഹപാഠികളുടെ കളിയാക്കലിൽ മനംനൊന്ത് ഒൻപതാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ക്ലാസിലെ സഹപാഠികളായ രണ്ട് പെണ്‍കുട്ടികള്‍ വദ്യാത്ഥിയെ നിരന്തരം കളിയാക്കിയിരുന്നെന്നും ഇതിൽ മനം നൊന്താണ് കുട്ടി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചതെന്നും കുടുംബം ആരോപിച്ചു. കുട്ടിയുടെ മുത്തച്ഛനാണ് മൃതദേഹം ആദ്യം കണ്ടത്. ഏറെ നേരമായിട്ടും പതിനാലുകാരൻ റൂമിന്‍റെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
'രണ്ട് പെൺകുട്ടികൾ നിരന്തരം മകനെ അപമാനിക്കാറുണ്ടായിരുന്നു, അതിൽ അവൻ അതീവ ദുഖിതനായിരുന്നു. ഇക്കാര്യം വീട്ടിലും അധ്യാപകരെയും അറിയിച്ചിരുന്നു'വെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയെ വിദ്യാർത്ഥിനികള്‍ മാനസികമായി പീഡിപ്പിക്കുന്ന വിവരം സ്കൂളിലെ ഒരു അഥ്യാപകൻ സ്ഥിരീകരിച്ചതായി പൊലീസും വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)