
അമ്പലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട അമ്പലപ്പുഴ കാക്കാഴം സ്വദേശിയുടെ പരാതിയിൻമേൽ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 31ന് കാക്കാഴം സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയുടെ വാട്ട്സ്ആപ്പിൽ ഒരു മെസ്സേജ് വരുകയും, അതിൽ ടെലഗ്രാം ഓണ്‍ലൈന്‍ ട്രേഡ് ഗ്രൂപ്പായ ബി-ക്ലസ്റ്റര്‍ 2205 എന്ന ലിങ്കിൽ ജോയിൻ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഗൂഗിളിൽ ഓരോ സ്ഥാപനങ്ങളുടെയും ഹോട്ടലുകളെയും റിവ്യൂ ചെയ്ത് റേറ്റിംഗ് കൂട്ടുന്ന 22 ടാസ്ക് കംപ്ലീറ്റ് ചെയ്തു. അതിൽ ആദ്യത്തെ 4 ടാസ്ക് ഫ്രീ ആയി കൊടുക്കുകയും അഞ്ചാമത്തെ ടാസ്ക് ചെയ്യണമെങ്കിൽ 1000 രൂപ പേയ്മെന്റ് ചെയ്യണമെന്ന് പറഞ്ഞതനുസരിച്ച് 1000 രൂപ 31ന് കൊടുക്കുകയും കമ്മീഷൻ അടക്കം 1300 രൂപ ക്രെഡിറ്റ് ആവുകയും ചെയ്തു. പിന്നീട് 9-ാം ടാസ്ക് വരെ ഫ്രീ ആയി റിവ്യൂ ചെയ്യുന്ന ടാസ്കുകൾ കിട്ടുകയും തുടർന്നുള്ള ടാസ്കുകൾ കംപ്ലീറ്റ് ചെയ്യണമെങ്കിൽ 33,000 രൂപ അക്കൗണ്ടിൽ ഇട്ട് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം ഇട്ട് കൊടുക്കുകയും അതിന്റെ കമ്മീഷൻ ഉൾപ്പടെ 43,000 രൂപയായി എന്നുള്ള അറിയിപ്പ് വിദ്യാർഥിക്ക് കിട്ടുകയും ചെയ്തു.
തുടർന്നുള്ള രണ്ട് ടാസ്ക് കംപ്ലീറ്റ് ചെയ്യണമെങ്കിൽ 98,000 രൂപ അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പണം അയച്ച് കൊടുക്കുകയും തുടർന്ന് അടുത്ത ടാസ്കിൽ പങ്കെടുത്ത് 2,00,000 രൂപ ഇട്ട് കൊടുത്താൽ 3,50,000 രൂപ ആയി തിരികെ കിട്ടുമെന്നും പറഞ്ഞു. ഇല്ലെങ്കിൽ ഇതുവരെ അടച്ച 131000 രൂപ കിട്ടില്ല എന്ന് പറഞ്ഞപ്പോഴാണ് ചതി മനസിലാക്കി പൊലീസിൽ പരാതി നൽകിയത്.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജാർഖണ്ഡിലെ റായ്പൂരിലും, ഗുജറാത്തിലെ അഹമ്മദാബാദിലുമുള്ള അക്കൗണ്ടുകളിലേക്കാണ് പണം ക്രെഡിറ്റായതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി അമ്പലപ്പുഴ ഇൻസ്പെക്ടർ എസ് ദ്വിജേഷ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam