
കോഴിക്കോട്: യുദ്ധത്തെ തുടർന്ന് യുക്രൈനിൽ (Ukraine Russia Crisis) നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പങ്കുവെയ്ക്കാനുള്ളത് (medical students) തുടർവിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കകൾ. താമരശ്ശേരി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മെഡിക്കൽ വിദ്യാർത്ഥികൾ. യുക്രൈനിൽ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ തുടർ പഠനത്തിന് നാട്ടിൽ സൗകര്യമൊരുക്കാൻ സർക്കാരുകൾ ശ്രമിക്കണമെന്ന് സപോറേഷ്യ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എം.ബി.ബി.എസ്. നാലാം സെമസ്റ്റർ വിദ്യാർത്ഥിയായ താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി സൽമാൻ ഫാരീസ് പറഞ്ഞു. യുദ്ധഭീതിയിലൂടെ നാട്ടിലെത്തിയത് വലിയ ആശങ്കയിലും ശ്രമത്തിലുമായിരുന്നെന്ന് ബോഗോമൊലെറ്റ്സ് യൂണിവേഴ്സിറ്റിയിലെ എം.ബി.ബി.എസ്. ഒന്നാം സെമസ്റ്റർ വിദ്യർത്ഥിയായ വാവാട് സ്വദേശി മുഹമ്മദ് മിൻഹാജ് പറഞ്ഞു.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഉക്രൈനിൽ ഒരു പരിഗണനയും ഇല്ലായിരുന്നു. നാട്ടിലെത്തിയെങ്കിലും തുടർപഠനം സംബന്ധിച്ച് ആശങ്കയിലാണെന്നും മുഹമ്മദ് മിൻഹാജ് പറഞ്ഞു. ഓൺലൈനായി പoനം തുടരാമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചെങ്കിലും എം.ബി.ബി.എസ് കോഴ്സിൻ്റെ പ്രാക്റ്റിക്കൽ ഉൾപ്പെടെയുള്ളവ എങ്ങനെ നടത്തുമെന്ന് ആശങ്കയുണ്ടെന്ന് സപോറേഷ്യ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എം.ബി.ബി.എസ്.ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ വാവാട് സ്വദേശി ആഷിഖ് സലാഹ് പറഞ്ഞു.
മൂന്ന് മാസം മുൻപാണ് ഉക്രൈനിൽ എത്തിയതെന്നും അപ്പോഴേക്കും യുദ്ധം പൊട്ടി പുറപ്പെട്ടതോടെ അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായതായും സപോറേഷ്യ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എം.ബി.ബി.എസ്.ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ വലിയപറമ്പ് സ്വദേശിനി ഫാത്തിമ്മ നിയാ പറഞ്ഞു. തുടർ പoനത്തിനുള്ള സാഹചര്യമൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഉക്രൈനിൽ യുദ്ധം പൊട്ടി പുറപ്പെടുന്നതിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എംബസി ഏർപ്പെടുത്തിയ വിമാനത്തിന് ടിക്കറ്റ് നിരക്ക് എഴുപതിനായിരം രൂപയാക്കി ഉയർത്തിയത് പല വിദ്യാർത്ഥികൾക്കും പ്രയാസം സൃഷ്ടിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. സാധാരണ വിമാന ടിക്കറ്റ് നിരക്കുമായി തട്ടിച്ച് നോക്കുമ്പോൾ വൻ വർദ്ധനവായിരുന്നു ഇത്. യുദ്ധം തുടങ്ങിയ ശേഷം ഉക്രൈൻ അതിർത്തി രാജ്യമായ ഭൂട്ടാനിലെത്തിയ ശേഷം മാത്രമാണ് ഇന്ത്യ ഏർപ്പെടുത്തിയ വിമാനത്തിൽ നാട്ടിലെത്താനായത്. അതിർത്തി രാജ്യത്ത് എത്തുകയെന്നതായിരുന്നു ഏറ്റവും വലിയ ദുരിതവും പ്രയാസവും. ഇവിടെ സ്വന്തം റിസ്ക്കിലാണ് ഓരോ ഇന്ത്യക്കാരനും കാര്യങ്ങൾ നിർവഹിച്ചത്, ആരും ഇവിടെ സഹായിക്കാനില്ലായിരുന്നെന്നും കനൽവഴികൾ താണ്ടി വന്ന വിദ്യാർത്ഥികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam