ഒറ്റ മിനിറ്റിൽ നൂറോളം വിമാനത്താവളങ്ങിലൂടെ 'പറക്കുന്ന' ശ്രുതി, സ്വപ്നം കീഴടക്കി ഗിന്നസ് റെക്കോര്‍ഡ് സ്വന്തം

Published : Mar 05, 2025, 10:59 PM ISTUpdated : Mar 06, 2025, 04:26 PM IST
ഒറ്റ മിനിറ്റിൽ നൂറോളം വിമാനത്താവളങ്ങിലൂടെ 'പറക്കുന്ന' ശ്രുതി, സ്വപ്നം കീഴടക്കി ഗിന്നസ് റെക്കോര്‍ഡ് സ്വന്തം

Synopsis

നിഞ്ചയദാർഢ്യത്തോടെയുള്ള പ്ലാനിങ്ങും വിജയം കണ്ടതോടെ ഒരു മിനിറ്റിൽ നൂറ് വിമാനത്താവളങ്ങളെ വരെ കോഡുകൾ കണ്ട് തിരിച്ചറിയാനായി. 

തിരുവനന്തപുരം: വ്യോമയാന മേഖലയോടുള്ള അഭിനിവേശത്തിനൊപ്പം ഗിന്നസ് റെക്കോർഡ് എന്ന സ്വപ്നവും ചേർന്നതോടെ എയർപോർട്ട് കോഡുകൾ മനഃപാഠമാക്കാൻ തുടങ്ങി, വിചിത്രമായി തുടങ്ങിയ ഒരു ഹോബി നിരന്തര പരിശ്രമത്തിലേക്ക് വഴിമാറിയതോടെ കോഡുകൾ മനസിൽ തെളിഞ്ഞുതുടങ്ങി. മാസങ്ങൾ നീണ്ട പരിശ്രമത്തിനും നിഞ്ചയദാർഢ്യത്തോടെയുള്ള പ്ലാനിങ്ങും വിജയം കണ്ടതോടെ ഒരു മിനിറ്റിൽ നൂറ് വിമാനത്താവളങ്ങളെ വരെ കോഡുകൾ കണ്ട് തിരിച്ചറിയാനായി. 

മനസിലുണ്ടായിരുന്ന മോഹം കഴിവായി മാറിയതോടെ ലോക റെക്കോർഡുകൾ വാരിക്കൂട്ടുകയാണിപ്പോൾ ഈ തിരുവനന്തപുരം സ്വദേശിനി. കോഡുകൾ മാത്രം കണ്ട് അതേത് രാജ്യത്തെ എയർപോർട്ടാണെന്ന് ക്ഷണനേരം കൊണ്ട് പറയാനും അതിലൂടെ റെക്കോർഡുകൾ കരസ്ഥമാക്കാനും സാധിച്ചത് തന്‍റെ സ്വപ്നത്തെ പിന്തുടർന്നത് കൊണ്ടുമാത്രമാണെന്നും പരിശ്രമിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്നും പ്രവാസിയായ  ശ്രുതി ശശീന്ദ്രൻ പറയുന്നു.

കുട്ടിക്കാലത്ത് ഒപ്പം കൂടിയ സ്വപ്നം...

തിരുവനന്തപുരം ജില്ലയിലെ വെള്ളനാടാണ് ശ്രുതി ജനിച്ചു വളർന്നത്. ജിവിഎച്ച്എസ്എസിലെ പഠനത്തിന് ശേഷം വഴുതക്കാട് വിമൻസ് കോളേജിൽ ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജിയിൽ ബിരുദം പൂര്‍ത്തിയാക്കി. ഇടയ്ക്ക് ഏവിയേഷനുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളും പൂര്‍ത്തിയാക്കി. വിവാഹ ശേഷമായിരുന്നു ശ്രുതി ഓസ്ട്രേലിയിലേക്ക് പോയത്.

സ്കൂൾ കോളേജ് കാലത്ത് സംഗീതത്തിലും റെഫിൾ ഷൂട്ടിങിലുമൊക്കെയായിരുന്നു താൽപ്പര്യമെന്നതിനാൽ സംസ്ഥാന തല മത്സരങ്ങളിൽ വരെ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രുതി. കുട്ടിക്കാലത്തെ ഗിന്നസ് റെക്കോർ‌ഡ് ഒരു സ്വപ്നമായിരുന്നതിനാൽ വിവാഹ ശേഷം ഓസ്ട്രേലിയയിലെ മെൽബണിലെത്തിയപ്പോൾ ജോലിക്കിടയിലും ഓരോ ആലോചനകൾ തുടങ്ങി. ചെറുപ്പം മുതൽ ഏവിയേഷൻ ഫീൽഡിനോടുള്ള താൽപ്പര്യം ഉണ്ടായിരുന്നതിനാൽ ഈ മേഖല തെരഞ്ഞെടുക്കാമെന്നായി. ഏത് തരത്തിൽ റെക്കോർഡിന് ശ്രമിക്കണമെന്ന് പലയാവർത്തി ആലോചിച്ചു. 

ഒടുവിലാണ് വിമാനത്താവളങ്ങളുടെ കോഡുകൾ കുറഞ്ഞ സമയത്തിൽ പറഞ്ഞ് റെക്കോഡ് ഇട്ടാലോ എന്ന ചിന്ത ഉണ്ടാകുന്നത്. പിന്നാലെ ഈ വിഷയത്തിൽ ആർക്കെങ്കിലും വേൾഡ് റെക്കോഡ് ഉണ്ടോ എന്ന് ഗൂഗിൾ ചെയ്തു നോക്കി. പല റെക്കോഡുകളും പരിശോധിച്ചെങ്കിലും ഇത്തരത്തിലുള്ള കോഡ് പറഞ്ഞ് റെക്കോർഡ് നേടിയതായി രേഖകളിലുണ്ടായിരുന്നില്ല.  ഇതോടെ താൻ ആണ് ഈ മേഖലയിൽ ആദ്യമായി ശ്രമിക്കുന്നതെന്ന് മനസിലായി. തുടർന്ന് കഠിനമായ പരിശീലനം. ഇതിനെല്ലാം എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നത് അമ്മയാണെനന് ശ്രുതി പ്രത്യേകം ഓര്‍മിക്കുന്നു. ഇങ്ങനെയൊരു വിജയത്തിലേക്ക് എത്തിച്ചതിന്റെ പിന്തുണയ്ക്കുള്ള ക്രെഡിറ്റും അമ്മ ലതാകുമാരിക്കും ഭർത്താവ് രഞ്ജിത്തിനുമാണെന്ന് ശ്രുതി പറയുന്നു. കുടപ്പനക്കുന്ന് സ്വദേശിനിയാണ് ലതാകുമാരി. ജനറൽ ഹോസ്പിറ്റൽ ജീവനക്കാരിയായ ശ്രീതുവാണ് സഹോദരി.

ചിട്ടയായ പരിശീലനം...

2023ലാണ് ശ്രമം ആരംഭിക്കുന്നത്. ആദ്യം വിവിധ രാജ്യങ്ങളുടെ എയർപോർട്ട് കോഡുകൾ രേഖപ്പെടുത്തി ഒരു ഡേറ്റാബേസ് ഉണ്ടാക്കി. പിന്നീട് ഇത് മനപ്പാഠമാക്കി വീട്ടിൽ ഒഴിവുസമയങ്ങളിൽ പറഞ്ഞു ശീലിച്ചു. റെക്കോഡിന് ശ്രമിക്കാൻ ആത്മവിശ്വാസം വേണമല്ലോ, ആത്മവിശ്വാസം ഉണ്ടാക്കുകയായിരുന്നു ആദ്യഘട്ടം. ഒരു മിനിറ്റിൽ 30 കോഡുകളൊക്കെ വരെയൊക്കെ മാത്രമേ ആദ്യമേ പറയാൻ സാധിക്കുമായിരുന്നുള്ളൂ. പിന്നീട് മെല്ലെ മെല്ലെ  എണ്ണം കൂട്ടി.  പവർ പോയിൻറ് സെൻസേഷൻ  കൊഡും തെളിയുമ്പോൾ അവ നോക്കി മനസിലാക്കി മനപ്പാഠമാക്കി. ആദ്യഅക്ഷരം തെളിയുന്ന സെക്കന്‍റിൽ മനസിൽ നിന്നും ഉത്തരം വരണം. ഇതിനായി കഠിനമായ ശ്രമം. കോഡ് പഠനത്തിനായി പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് പരിശീലനം തുടങ്ങി. 

ഭക്ഷണം പാകം ചെയ്യുന്നതിനിടയിലും ജോലിക്കിടയിലുമെല്ലാം കിട്ടുന്ന സമയം ഓരോ കോഡുകളും മനസിൽ ഓർത്ത് കുറിക്കും. കൂടുതൽ കൂടുതൽ എയർപോർട്ടുകളുടെ കോഡുകളും ഇതോടൊപ്പം പറഞ്ഞ് നോക്കും. സമയം തെറ്റാതെ, സമയം എണ്ണിയുള്ള കടുത്ത പരിശീലനം. രണ്ടര വയസുകാരിയായ മകൾ ഉണരും മുമ്പ് പഠനം ഷെഡ്യൂൾ പ്രകാരം അവസാനിപ്പിക്കും. പാചകവും ജോലിയും എല്ലാം പൂർത്തിയാകുന്നതിനിടെ മനസിൽ കോഡുകൾ മാത്രം. യാത്രകളിൽ അടക്കം 

പഠിച്ച കാര്യങ്ങൾ വീണ്ടും ഉരുവിട്ട് നോക്കും. 2023 ജൂൺ മാസത്തിൽ തുടങ്ങിയ പരിശീലനം ആഴ്ചകളും മാസങ്ങളും നീണ്ടു. ഇതിനിടെ വ്യോമയാനവുമായി ബന്ധപ്പെട്ട് ഒരു മാപ്പ് ലഭിച്ചു. അത് ചുമരിൽ ഒട്ടിച്ച് വെച്ച് എന്നും പുലരുമ്പോൾ നോക്കി മനപ്പാഠമാക്കി കൊണ്ടിരുന്നു. പിന്നീട് ഏത് ചോദിച്ചാലും പറയാമെന്ന ആത്മവിശ്വാസം പൂർണമായി ലഭിച്ച ശേഷമാണ് ആദ്യമായി റെക്കോഡിന് അപേക്ഷിച്ചത്

കോഡുകൾ മനപ്പാഠം..

ഇത്തരത്തിൽ ഒരു വിഭാഗം ഇതുവരെ ഇല്ലാത്തത് ശരിക്കും ബുദ്ധിമുട്ടായിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ ഇത്ര എയർപോർട്ട് കോഡുകൾ പറയുമെന്ന തന്‍റെ പ്രപ്പോസൽ മൂന്ന് തവണയായി തള്ളി. പിന്നാലെ പലതരത്തിൽ മത്സരം ചിട്ടപ്പെടുത്തി അപേക്ഷ അയച്ചതാണ് ശ്രദ്ധയിൽപെട്ടത്. ഒറ്റ സ്ട്രെച്ചിൽ 2000 കോഡ് പറയാം എന്നതായിരുന്നു ആദ്യ അപേക്ഷ. അത് തള്ളിയതോടെ പിന്നീട് 5മിനിറ്റിൽ 250 കോഡ് എന്ന രീതിയിൽ അപേക്ഷിച്ചു. അതും തള്ളപ്പെട്ടു 

2024 വീണ്ടും അപേക്ഷിച്ചപ്പോൾ ഒരുമിനിറ്റിൽ അറുപതിൽപ്പരം വാക്കുകൾ പറയാം എന്നുള്ളത് അംഗീകരിച്ചു. സെക്കന്‍റിൽ ഒരു കോഡ് പറയാൻ കഴിയുമോയെന്നതായിരുന്നു ഗിന്നസ് അധികൃതരുടെ മുന്നിൽ തെളിയിക്കേണ്ടത്. 55 വാക്കുകളാണ് മാർഗ നിർദേശത്തിൽ ഉണ്ടായിരുന്നതെങ്കിലും പരമാവധി ചെയ്യാൻ ശ്രമിച്ചു. അങ്ങനെ മിനിറ്റിൽ നൂറു വാക്കുകൾ വരെ പറയാൻ കഴിഞ്ഞു. വീട്ടിലെ അനുകൂല അന്തരീക്ഷത്തിൽ 104 വരെ പറഞ്ഞെങ്കിലും പരിശോധനാ സമയത്ത് 100 കോഡുകൾ പറയാനായി. 

ഇതിൽ 95 ആണ് അംഗീകരിക്കപ്പെട്ടത്. അഞ്ച് കോഡുകൾ പറഞ്ഞത് വ്യക്തമായില്ലെന്ന് അവർ വാദിച്ചു. വിവിധ സ്ഥലങ്ങളിൽ ക്യാമറ വച്ച് സമയം ഉൾപ്പെടെ ഷൂട്ട് ചെയ്ത്  കട്ട് ചെയ്യാത്ത വീഡിയോ ആണ് അവർ പരിശോധനയ്ക്കെടുക്കുന്നത്. കോഡ് സ്ക്രീനിൽ തെളിയുമ്പോൾ നമ്മൾ പറയുന്ന വിമാനത്താവളത്തിന്‍റേതാണോ എന്ന് അവർ പരിശോധിച്ച് വിലയിരുത്തും. ഒരുവിധം എല്ലാ വിമാനത്താവളങ്ങളുടെയും പേരുകൾ ഇതിനോടകം മനപ്പാഠമായതിനാൽ വളരെ വേഗത്തിൽ തന്നെ പറയാൻകഴിഞ്ഞു. മാസങ്ങൾക്ക് ശേഷം പരിശോധിച്ചാണ് വേൾഡ് റെക്കോഡ് നമ്മുടെ പേരിൽ പ്രഖ്യാപിക്കുന്നത്.

വെല്ലുവിളികളെ അതിജീവിച്ചത്  ഇരട്ടിമധുരം

നിരവധി വെല്ലുവിളികൾ മറികടന്നാണ് ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോയത്. ഇടയ്ക്ക് ജോലി ഇല്ലാതായതും, അതുമായി ബന്ധപ്പെട്ട പ്രതിസന്ധിയും തളർത്തി. ഒപ്പം  നാട്ടിലുണ്ടായ വേണ്ടപ്പെട്ടവരുടെ മരണങ്ങളും സാമ്പത്തികമായും മാനസികമായും വീർപ്പുമുട്ടിച്ചു. അപ്പോഴും തന്‍റെ ലക്ഷ്യം മനസിൽ ഉറച്ചിരുന്നതിനാൽ പരിശീലനം തുടരാൻ സാധിച്ചു. 2024 ഡിസംബർ അഞ്ചോടെ ഫലമെത്തിയപ്പോൾ സ്വപ്ന സാഫല്യം.

ലോകത്തിന്‍റെ വിവിധ കോണിലുള്ള രാജ്യങ്ങളുടെ കോഡുകൾ ആണ് വേണ്ടതെന്നും ഇവ ആവർത്തിക്കപ്പെടരുതെന്നും നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലാം കൃത്യമായി പാലിക്കാനായി. കോഡുകൾ ഓർത്തുവയ്ക്കാൻ നിരവധി ടെക്നിക്കുകൾ ഉപയോഗിച്ചാണ്  മനപ്പാഠമാക്കി കൊണ്ടിരുന്നത്. മുഴുവൻസമയ ജോലിയിലും പാചകത്തിനിടയിലും കുഞ്ഞിനെ നോക്കുമ്പോഴും കോഡുകൾ ഉരുവിട്ടുകൊണ്ടിരുന്നു. താൻ അപേക്ഷ അയച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടൊന്നും ഇനി ശ്രമിക്കുന്നവർക്കുണ്ടാകില്ല. അവരുടെ നയങ്ങളും നിർദ്ദേശങ്ങളും എല്ലാം അനുസരിച്ചാണ് പുതിയ  ഒന്ന് കണ്ടെത്തിയത്. താൻ ഒരു വിഭാഗം സൃഷ്ടിച്ചിട്ടുണ്ട്. ഇനിയുള്ളവർക്ക്  തന്‍റെ റെക്കോർഡ് ബ്രേക്ക് ചെയ്താൽ മാത്രം മതി. പുതിയൊരു വിഭാഗം സൃഷ്ടിച്ച് റെക്കോഡ് നേടാനായത് ഇരട്ടിമധുരമാണ്.

ശ്രമിച്ചാൽ നടക്കാത്തതായൊന്നുമില്ല

ചെറിയ സ്വപ്നമായി തുടങ്ങിയെങ്കിലും രണ്ടുവർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിൽ ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നേട്ടത്തെ കൈയ്യെത്തിപ്പിടിക്കാനായതിൽ  തികഞ്ഞ ചാരിതാർത്ഥ്യം. എന്തും ശ്രമിച്ചാൽ നടക്കുമെന്നാണ് ഒരു സന്ദേശമായി പറയാനുള്ളത്.  നമ്മുടെ മനസിലുള്ള ആഗ്രഹങ്ങൾ ചേർത്തുപിടിക്കുക. സാഹചര്യങ്ങളെ മറന്ന് അവയ്ക്കൊപ്പം പറക്കാൻ ശ്രമിക്കുക. അതിനായി സമയം കണ്ടെത്തുക. ആഗ്രഹം ജീവിതത്തിൽ ഒരു ശീലമായിമാറിയാൽ വിജയം ഉറപ്പ്. നമ്മളിൽ വിശ്വാസം ഉണ്ടായാൽ വിജയം നമ്മളെ തേടിയെത്തുമെന്നതാണ് എന്‍റെ അനുഭവം.ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയെന്നും ശ്രുതി പറയുന്നു. ഓസ്ട്രേലിയയിൽ ഭർത്താവ് രഞ്ജിത്തിനും മൂന്ന് വയസുകാരിയായ മകൾ നികിതയ്ക്കുമൊപ്പം അടുത്ത റെക്കോഡുകൾ അന്വേഷിക്കുകയാണിപ്പോൾ ശ്രുതി ശശീന്ദ്രൻ. 

24 ലക്ഷം കുഞ്ഞുങ്ങളെ രക്ഷിച്ച ആ മനുഷ്യൻ വിടവാങ്ങി, ആരാണ് 'ദി മാൻ വിത്ത് ദി ഗോൾഡൻ ആം' ജെയിംസ് ഹാരിസൺ

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍