
എല്ലാം തകര്‍ത്തെറിഞ്ഞ ദുരന്തത്തെക്കുറിച്ച് എന്തെങ്കിലുമോര്‍ക്കാനോ ഒന്നു പൊട്ടിക്കരയാനോ പോലുമാകാതെ വിറങ്ങലിച്ചിരിക്കുകയാണ് വിലങ്ങാട് സ്വദേശി അതുല്‍. പാലൂരെ തറവാട്ടുവീട്ടില്‍ ചങ്ങാതിമാര്‍ ഊഴം കാത്ത് അതുലിന് കാവലിരിക്കുകയാണ്. ദുരന്തത്തില്‍
അച്ഛനും അമ്മയും മരിച്ചു. 21 വര്‍ഷം നിഴൽപോലെ കൂടെയുണ്ടായിരുന്ന സഹോദരനെയും മലവെള്ളം വിഴുങ്ങി. വീടുണ്ടായിരുന്ന സ്ഥലംപോലും ഇപ്പോള്‍ ബാക്കിയില്ല. ചേട്ടൻ അജിൻ മാത്രമാണ് അഖിലിന് ഇനി തണൽ. മുന്നോട്ടു പോകുമെന്ന് പറയുമ്പോഴും അജിന്റെ ശബ്ദം ഇടറിപ്പോകുന്നുണ്ട്.
"മഴയായിട്ട്... ഒരുപ്രാവശ്യം ഇടിഞ്ഞ്...ഒന്നു കെട്ടിയതാ...പിന്നേം, അവിടെ വെള്ളം ഇറങ്ങീട്ടാ...വെള്ളം പോകാന്‍ സ്ഥലമില്ല..വെള്ളമിറങ്ങീട്ട്......അങ്ങനെ പറ്റീതാ...."
ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിക്കുകയും 12 വീടുകള്‍ തകരുകയും ചെയ്ത ആലിമൂലയിലും ജനങ്ങള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. ദുരന്തത്തിന്‍റെ ഞെട്ടലില്‍ നിന്ന് അമ്മമാരും കുഞ്ഞുങ്ങളും മുക്തരായിട്ടില്ല.
"മക്കളൊന്നും ഒറങ്ങുന്നില്ല. കഞ്ഞികുടിക്കുന്നില്ല. ഭക്ഷണം കഴിച്ചിട്ടില്ല, കഴിക്കാന്‍ പോലും പറ്റുന്നില്ല..കരഞ്ഞുകൊണ്ട് ഒരമ്മ പറഞ്ഞതാണ്.
പുത്തുമലയും കവളപ്പാറയും ഉള്‍പ്പടെയുള്ള മേഖലകളിലെല്ലാം ദുരന്തത്തെത്തുടര്‍ന്നുണ്ടായ മാനസിക ആഘാതം ഏറെ അനുഭവിക്കുന്നത് കുട്ടികളാണ്. തകര്‍ന്നുപോയ മനസ്സിനെ പേടിയില്‍ നിന്നും അനിശ്ചിതത്വത്തില്‍ നിന്നും തിരിച്ചുപടിക്കാന്‍ അവര്‍ക്കൊക്കെ സഹായം ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് പ്രളയബാധിത മേഖലകളിൽ ക്യാമ്പുകളിലും വീടുകളിലുമെത്തി മനശാസ്ത്ര വിദഗ്ധർ കൗൺസിലിങ്ങ് നൽകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരിക്കുന്നത്.
" എല്ലാ ക്യാമ്പുകളിലും ഇത്തരത്തിലുള്ള കൗണ്‍സിലേഴ്സ് പോകുന്നുണ്ട്. അവിടെയുള്ള ആളുകളെ കൗണ്‍സിലിംഗം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനിയിപ്പോ ടീമിനെ നമ്മള്‍ വീടുകളിലേക്ക് അയക്കാന്‍ പോകുകയാണ്. ചിലര്‍ക്ക് ഒരു ട്രീറ്റ്മെന്‍റിന് തന്നെ തയ്യാറാവേണ്ടതായിട്ട് വരും. അതിനുതക്ക രീതിയില്‍ വലിയ ഗുരുതര പ്രശ്നങ്ങളിലേക്ക് മാറുന്നുണ്ട്. ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതിജീവനം സാധ്യമാവേണ്ടതുണ്ട്. കരുത്തോടെ, കരളുറപ്പോടെ പുതുജീവിതത്തിലേക്ക് ഈ ജനങ്ങളൊക്കെ നടന്നെത്തും. ആ പ്രതീക്ഷയാണ് ഇപ്പോള്‍ കേരളമൊന്നാകെ നെഞ്ചോട് ചേര്‍ക്കുന്നതും...!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam