അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലും തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട്: മുൻപ് ചെയ്ത ജോലികൾ വീണ്ടും എഴുതി ചേർത്തു

Published : Aug 09, 2025, 02:30 PM IST
Anjuthengu

Synopsis

തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലും ക്രമക്കേട്

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലും ക്രമക്കേട്. മുൻ വര്‍ഷങ്ങളിൽ ചെയ്ത 16 ജോലികള്‍ ഈ വര്‍ഷം വീണ്ടും ഉള്‍പ്പെടുത്തിയെന്ന് ജില്ലാ ഓംബുഡ്സ്മാൻ കണ്ടെത്തൽ. ജോലികള്‍ തുടങ്ങിയ ആദ്യ ദിവസം തന്നെ റദ്ദാക്കിയെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മൊഴി നൽകി. ഇതിന്‍റെ പേരിൽ തൊഴിലാളികള്‍ക്ക് കൂലി നിഷേധിച്ചു . അതേ സമയം കഴിഞ്ഞ വര്‍ഷം ചെയ്ത അതേ ജോലികള്‍ വീണ്ടും ഉള്‍പ്പെടുത്തിയതിൽ സമഗ്രാന്വേഷണം വേണമെന്ന് ഓംബുഡ്സ് മാൻ നിര്‍ദ്ദേശിച്ചു. 220 തൊഴിലാളികള്‍ക്ക് ഒരു ദിവസത്തെ വേതനം തൊഴിലുറപ്പ് വിഭാഗം ജീവനക്കാരിൽ നിന്ന് ഈടാക്കി നൽകണമെന്നും ഓംബുഡ്സ്മാൻ എൽ സാം ഫ്രാങ്കളിൻ ഉത്തരവിട്ടു. കായിക്കര സ്വദേശി ബ്രീസ് ലാൽ നൽകിയ പരാതിയിലാണ് ഉത്തരവ്.

വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി പുറത്തുവന്നതിന് പിന്നാലെയാണ് അഞ്ചുതെങ്ങിലെ ക്രമക്കേടും പുറത്തുവരുന്നത്. സിപിഎം ഭരിക്കുന്ന തൊണ്ടർനാട് പഞ്ചായത്തിൽ രണ്ട് വർഷത്തിനിടെ രണ്ടരകോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. ഇല്ലാത്ത പദ്ധതി ഉണ്ടാക്കിയും നടത്തിയ പദ്ധതിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ചുമാണ് തട്ടിപ്പ് നടത്തിയത്. രണ്ട് ജീവനക്കാരാണ് തട്ടിപ്പ് നടത്തിയതെന്നും ഭരണസമിതിക്ക് അറിവില്ലെന്നുമാണ് പഞ്ചായത്ത് വിശദീകരിക്കുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന അക്കൗണ്ടന്‍റ് വി സി നിധിൻ മലപ്പുറത്ത് നിന്ന് പിടിയിലായി. കേസിൽ ഉള്‍പ്പെട്ട അക്രഡിറ്റഡ് എൻജിനീയർ ജോജോ ജോണി വിദേശത്തേക്ക് കടന്നെന്ന് സംശയമുണ്ട്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

ആട്ടിൻകൂട്, കോഴിക്കൂട്, കിണർ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളിലായിരുന്നു തട്ടിപ്പ്. പഞ്ചായത്തിലെ എം ബുക്കില്‍ യഥാർത്ഥ കണക്കെഴുതിയ ശേഷം സോഫ്റ്റ്‍വെയറില്‍ കൃത്രിമം കാണിച്ചാണ് വെട്ടിപ്പ് നടത്തിയത്. ഒരു ആട്ടിൻകൂടിനോ കോഴിക്കൂടിനോ എസ്റ്റിമേറ്റ് 69,000 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ 1,20,000 രൂപ വരെയാണ് സോഫ്റ്റ്‍വെയറില്‍ കാണിച്ചത്. 2024 ല്‍ മാത്രം 142 ആട്ടിൻകൂടുകള്‍ പഞ്ചായത്തില്‍ വിതരണം ചെ്യതു. ഈ പദ്ധതികളൊക്കെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാൻ രൂപീകരിച്ചിരിക്കുന്നുവെന്നിരിക്കെ കരാറുകാരന് മാത്രം പണം കിട്ടുന്ന രീതിയിലായിരുന്നു തൊണ്ടർനാട്ടെ പദ്ധതികള്‍. തോടുകളില്‍ കയർഭൂവസ്ത്രം വിരിച്ചതിന് നജീബ് എന്ന കരാറുകാരന് 9,52,000 രൂപയും ഇത് ഉറപ്പിക്കാൻ മുള വാങ്ങിയതിന് 4,72,554 രൂപയും നല്‍കി. പലവക ചെലവുകള്‍ ഇനത്തില്‍ 102000 രൂപയും കൂടി നല്‍കി. ആകെ 15 ലക്ഷം രൂപ കരാറുകാരന് പഞ്ചായത്ത് കൊടുത്തു. എന്നാല്‍ പഞ്ചായത്തില്‍ അങ്ങനെ ഒരു പദ്ധതി ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പഞ്ചായത്ത് നാല് ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. സംഭവം പുറത്തായതോടെ ജോജോയും നിധിനും ഒളിവില്‍ പോയിരുന്നു. തുടര്‍ന്നാണ് നിധിനെ ഇന്ന് പെരിന്തല്‍മണ്ണയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്ത്. ജോജോ വിദേശത്തേക്ക് കടന്നതായാണ് സംശയം.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി