ക്ഷീരകർഷകർക്ക് ആശ്വാസമായി മിൽമ എറണാകുളം മേഖല യൂണിയൻ

By Web TeamFirst Published Aug 20, 2019, 9:01 AM IST
Highlights

പാൽവില കൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ അറിയിച്ചു.

എറണാകുളം: ക്ഷീരകർഷകർക്ക് ആശ്വാസവുമായി മിൽമ എറണാകുളം മേഖല യൂണിയൻ. ഈ മാസം 21 മുതൽ സെപ്തംബർ 30 വരെ സംഭരിക്കുന്ന പാലിന് ലിറ്ററിന് ഒരു രൂപ അധികം നൽകാനാണ് തീരുമാനം. അതേസമയം, പാൽവില കൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കാലിത്തീറ്റയുടെ വില കൂടിയത് ചാക്കിന് 300 രൂപയോളമാണ്. കർഷകർക്ക്  ഇരട്ടി പ്രഹരമായി രണ്ടാമതും എത്തിയ വെള്ളപ്പൊക്കവും. ഈ ഘട്ടത്തിലാണ് ക്ഷീരകർഷകമേഖലയ്ക്ക് കൈത്താങ്ങാകാൻ മിൽമ എറണാകുളം മേഖല യൂണിയൻ രം​ഗത്തെത്തിയത്. യൂണിയന്റെ പ്രവർത്തന ലാഭത്തിൽ നിന്നാണ് അധിക വില നൽകുക.

പാൽവില കൂട്ടാൻ സർക്കാരിന്റെ അനുമതിക്കായി കാത്തുനിൽക്കുകയാണെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ അറിയിച്ചു. 2017 ഫെബ്രുവരിയിലാണ് മിൽമ പാലിന്റെ വില അവസാനമായി കൂട്ടിയത്.

കേന്ദ്രസർക്കാർ അനുവദിച്ച എട്ട് കോടി രൂപ കൊണ്ട് പാൽ ഗുണനിലവാര പരിശോധനയ്ക്കായി അത്യാധുനിക ലാബ് ഇടപ്പള്ളിയിൽ സ്ഥാപിക്കുമെന്നും മിൽമ ഫെഡറേഷൻ അറിയിച്ചു. 11 ഡയറികളിൽ 85 ലക്ഷം രൂപ മുതൽ മുടക്കിൽ മിൽക്കോ സ്കാൻ സ്ഥാപിക്കാനും തീരുമാനമായി. 

click me!