പാലിന് വില കിട്ടുന്നില്ല; പാൽ പുഴയിൽ ഒഴുക്കി പ്രതിഷേധിച്ച് കർഷകർ

By Web TeamFirst Published Aug 28, 2019, 4:00 PM IST
Highlights

പരിഹാരം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് കർഷകർ സമരം തുടങ്ങിയത്.

ഇടുക്കി: പാൽ വില വർദ്ധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കിയിൽ ക്ഷീര കർഷകർ സമരം തുടങ്ങി. സമരത്തിന്റെ ഭാഗമായി കർഷകർ സംഭരിച്ച പാൽ ചിന്നാർ പുഴയിൽ ഒഴുക്കി പ്രതിഷേധിച്ചു.

കാലാവസ്ഥ വ്യതിയാനം മൂലം ഉൽപ്പാദനം  കുറഞ്ഞതും കാലിത്തീറ്റയുടെ വില വർദ്ധനവും ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എട്ടു മാസത്തിനിടെ കാലിത്തീറ്റയുടെ വിലയിൽ നാനൂറു രൂപയുടെ വർദ്ധനവ് ഉണ്ടായി. ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ കണ്ടെത്തിയത് ഒരു ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കാൻ നാൽപ്പതു രൂപ ചെലവു വരും എന്നാണ്.

എന്നാൽ കർഷകർക്ക് ലഭിക്കുന്നത് പരമാവധി 33 രൂപയാണ്. വില വർദ്ധിപ്പിച്ചില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ട ഗതികേടിലാണ് കർഷകർ. ആരുടെയെങ്കിലും പരാതി ലഭിച്ചാൽ അന്വേഷണം പോലും നടത്താതെ ഫാമുകൾ പൂട്ടാൻ സർക്കാർ‌ ഉത്തരവിടുന്നത് പലരുടെയും ജീവിത മാർഗ്ഗം ഇല്ലാതാക്കുന്നതായും കർഷകർ പരാതിപ്പെടുന്നു.

പരിഹാരം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് കർഷകർ സമരം തുടങ്ങിയത്. ആദ്യ പടിയായി ആലപ്പുഴ മധുര സംസ്ഥാന പാത കർഷകർ ഉപരോധിച്ചു. തുടർന്ന് പാൽ ചിന്നാർ പുഴയിൽ ഒഴുക്കി. ഇടുക്കിയിൽ മാത്രം നൂറു കേന്ദ്രങ്ങളിൽ ഇത്തരത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.
 

click me!