
പാലക്കാട്: ഇരുചക്രവാഹനം മുതൽ ടാങ്കറിന്റെയും ടോറസ്സിന്‍റെയും ഹസാർഡ്സ് വാഹനങ്ങളുടെയുമെല്ലാം വളയങ്ങൾ സ്വന്തം കൈവെള്ളയിലൊതുക്കിയ പെൺകരുത്തിന്‍റെ പ്രതീകമാണ് നാഗലശ്ശേരി പഞ്ചായത്തിലെ കിളിവാലൻ കുന്ന് വളപ്പിൽ വീട്ടിൽ നിഷ ബർക്കത്ത്. ചെറുപ്രായത്തിൽ കൈവിട്ട് പോയ ജീവിതത്തിന്‍റെ സ്റ്റിയറിങ്ങ് തിരികെപ്പിടിക്കാനുള്ള യാത്രക്കിടയിലാണ് നിഷ ബർക്കത്തിന് കെ.എസ്.ആർ.ടി.സി ബസുകളോട് ഇഷ്ടം തോന്നുന്നത്. ഒടുവിൽ തൃത്താല കൂറ്റനാട് സ്വദേശിയായ നിഷയുടെ ഏറെ നാളത്തെ ആഗ്രഹത്തിന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്‍റെ പച്ചക്കൊടി കിട്ടി. ആനവണ്ടിയുടെ വളയം പിടിക്കണമെന്നും ഡ്രൈവിങ്ങ് സീറ്റിലിരുന്ന് ഫോട്ടോയെടുക്കണമെന്നുമുള്ള നിഷയുടെ ആഗ്രഹം കഴിഞ്ഞ ദിവസം പൂവണിഞ്ഞു.
കെ എസ് ആർ ടി സി ബസുകളോട് തോന്നിയ ഈ ഇഷ്ടമാണ് പിന്നീട് വലിയ വാഹനങ്ങൾ ഓടിക്കണമെന്ന ആഗ്രഹമായി വളർന്നത്. എപ്പോഴെങ്കിലും ആനവണ്ടിയുടെ വളയം പിടിക്കണമെന്ന ആഗ്രഹം അപ്പോഴും ബർക്കത്ത് മനസിൽ കെടാതെ സൂക്ഷിച്ചു. റാസൽ ഖൈമയിൽ പ്രവർത്തിക്കുന്ന ചേതന സാംസ്കാരിക വേദിയുടെ 2023 ലെ വനിതാ പുരസ്കാരം ഏറ്റുവാങ്ങുന്ന വേദിയിൽ വച്ച് കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ പി എസ് ശ്രീകലയെ പരിചയപ്പെട്ടതാണ് ആഗ്രഹ സാഫല്യത്തിന് വഴിയൊരുക്കിയത്. സംസാരത്തിനിടയിൽ തന്‍റെ വലിയ ആഗ്രഹം ബർക്കത്ത് നിഷ ഇവരോട് പങ്കുവച്ചു.
തുടർന്ന് കെഎസ്ആർടിസിയുടെ ഡ്രൈവിങ് സീറ്റിലിരുന്നൊരു ഫോട്ടോയെടുക്കാൻ അനുവദിക്കണെന്ന് കാണിച്ച് മന്ത്രി കെബി ഗണേഷ് കുമാറിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന കാര്യവും അറിയിച്ചു. നോക്കാമെന്ന ഇവരുടെ മറുപടിയിൽ പ്രതീക്ഷ അർപ്പിച്ച് നിഷ കാത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ബർക്കത്തിനെ തേടി ആ സന്തോഷ വാർത്ത എത്തുന്നത്. തൃശൂർ ഡിപ്പോയിലെത്തി ആനവണ്ടിയിൽ കയറി ഡ്രൈവിങ് സീറ്റിലിരുന്ന് ഫോട്ടോ എടുത്തോളൂവെന്ന ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാറിന്‍റെ സന്ദേശമാണ് ബർക്കത്ത് നിഷക്ക് ലഭിച്ചത്. തുടർന്ന് ജൂൺ മൂന്നിന് തൃശൂർ ഡിപ്പോയിലെത്തി. ഡിപ്പോയിലെ എ ടി ഒ ഉബൈദ്, എഞ്ചിനീയർ സഞ്ജയ്, ഇൻസ്പെക്ടർ രാജ് മോഹൻ എന്നിവരുടെ പിന്തുണയിൽ ആനവണ്ടിയിൽ കയറി ഡ്രൈവിങ് സീറ്റിലിരുന്നും ഇഷ്ടം പോലെ ഫോട്ടോ എടുത്തും ആഗ്രഹം സഫലീകരിച്ചു.
ദുബൈയിൽ മിഡ് ഏഷ്യ ബൾക്ക് പെട്രോളിയം കമ്പനിയിലാണ് ട്രക്ക് ഡ്രൈവറായി നിഷ ഇപ്പോൾ ജോലി ചെയ്യുന്നത്. അവധിക്കായി നാട്ടിലെത്തിയ ബർക്കത്ത് അടുത്ത മാസം ദുബായിലെ ജോലി സ്ഥലത്തേക്ക് മടങ്ങും. കപ്പലുകളിലേക്ക് ഇന്ധനം നിറയ്ക്കുന്ന 60,000 ലിറ്റർ കപ്പാസിറ്റിയുളള 18 ചക്രങ്ങളുളള ട്രെക്കാണ് ഇവർ ഇപ്പോൾ ഓടിക്കുന്നത്. പി എസ് സി പരീക്ഷകൾ എഴുതി ഫലം കാത്തിരിക്കുന്ന ബർക്കത്ത് നിഷ ഇവിടെ ജോലി ലഭിച്ചാൽ പ്രവാസ ജീവിതം അവസാനിപ്പിക്കും. മകൾക്കും ഉമ്മക്കുമൊപ്പം നാട്ടിൽ നിൽക്കണമെന്നാണ് ഏതൊരു പ്രവാസിയുടെതും പോലെ നിഷയുടേയും ആഗ്രഹം. 14-ാം വയസ്സില്‍ സഹോദരന്റെ മോട്ടോര്‍ സൈക്കിളോടിച്ചാണ് വാഹനങ്ങളുടെ ഡ്രൈവിങ് സീറ്റിലേക്കുള്ള നിഷയുടെ യാത്ര. 18 വയസ്സു കഴിഞ്ഞതോടെത്തന്നെ ബൈക്കും കാറും ഓട്ടോയുമെല്ലാം നിഷയുടെ കൈകളില്‍ ഭദ്രമായി. 25-ാം വയസ്സില്‍ ഹസാര്‍ഡ്‌സ് വാഹനങ്ങളോടിക്കാനുള്ള ലൈസന്‍സ് കിട്ടി.
Read More : കേബിൾ വയറുകൊണ്ട് അടിച്ചു, കരഞ്ഞപ്പോൾ വായിൽ തോർത്ത് തിരുകി; കൊല്ലത്ത് 13 കാരനോട് ക്രൂരത, ബന്ധു പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam