
തിരുവനന്തപുരം: കേരളത്തിൽ ആരാധനാലയങ്ങളിൽ നിന്നും ഉയരുന്നത് സ്നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശബ്ദമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ആഴിമല ശിവക്ഷേത്ര തീർത്ഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയിൽ ബീച്ച് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ആഴിമല ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടപ്പിലാക്കും. ഇതോടെ ആഴിമല കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
കോവളത്തിന്റെ മുഖച്ഛായ മാറ്റാൻ ടൂറിസം വകുപ്പ് 96 കോടി രൂപ ചെലവഴിക്കുന്ന മാസ്റ്റർ പദ്ധതിയിൽ ആഴിമലയ്ക്കടുത്തുള്ള അടിമലത്തുറ ബീച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടർ സ്പോർട്സ്, സാഹസിക വിനോദ സഞ്ചാര സാധ്യതകൾ എന്നിവയുടെ സാധ്യതാ പഠനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. എം വിൻസന്റ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ റാണി, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ്, ബ്ലോക്ക് മെമ്പർ അജിതകുമാരി, വാർഡ് മെമ്പർ എസ്.ദീപു, സിപിഎം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, സിപിഐ മണ്ഡലം പ്രസിഡന്റ് കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, മുസ്‍ലിം ലീഗ് നേതാവ് എച്ച്.എ റഹ്മാൻ, ആഴിമല ക്ഷേത്രം പ്രസിഡന്റ് വി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എസ് വിജേഷ്, ടൂറിസം വകുപ്പ് സെപ്യൂട്ടി ഡയറക്ടർ രാജീവ് ജി എൽ എന്നിവർ പങ്കെടുത്തു.
ടൂറിസത്തില്‍ സുസ്ഥിര മാതൃകകള്‍ വേണമെന്ന് ഗവര്‍ണര്‍
എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന സുസ്ഥിര മാതൃകകൾ ടൂറിസത്തിൽ സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവളത്ത് സംഘടിപ്പിച്ച ട്രാവൽ എക്സ്പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജിടിഎം-2023) ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനന്തമായ സാധ്യതകളുള്ള പൈതൃക ടൂറിസം ശക്തിപ്പെടുത്തണമെന്നും ഗവർണർ പറഞ്ഞു. ചടങ്ങിൽ മെട്രോ എക്സ്പെഡിഷൻ മാഗസിന്റെ പ്രത്യേക പതിപ്പ് ഗവർണർ പ്രകാശനം ചെയ്തു. ജിടിഎമ്മിന്റെ സെമിനാർ സെഷൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
ജിടിഎം 2023 ഹാൻഡ് ബുക്ക് മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ബംഗ്ലദേശ് ഡപ്യൂട്ടി ഹൈക്കമ്മിഷണർ ഷെല്ലി സലെഹിൻ പ്രത്യേക പ്രഭാഷണം നടത്തി. അംഗീകൃത ടൂർ ഓപ്പറേറ്റർമാർക്കും ട്രാവൽ ഏജന്റുമാർക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെ ഇന്നും നാളെയും നടക്കുന്ന എക്സ്പോയിലും സെമിനാർ സെഷനുകളിലും പങ്കെടുക്കാം. സെപ്തംബര്‍ 30 ന് എക്സ്പോയിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam