
കോഴിക്കോട്: ഓൺലൈൻ, മൾട്ടിലെവൽ മാർക്കറ്റിംഗ് രംഗത്ത് പുതിയ സമ്പ്രദായങ്ങളും സംവിധാനങ്ങളും സ്വീകരിക്കുന്നതിന്റെ ഭാഗമായി സപ്ലൈകോ ഓൺലൈൻ കച്ചവട മേഖലയിലേക്ക് പ്രവേശിക്കുന്നതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍. നവീകരണം നടത്തിയ കൊയിലാണ്ടി തുറയൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ് വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പൊതുവിതരണ രംഗത്ത് ഒട്ടേറെ മാറ്റങ്ങളാണ് കൊണ്ടുവന്നത്. മാവേലി സ്റ്റോർ, സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടായത്. സപ്ലൈകോ മുഖേന വിപണനം ചെയ്യുന്ന 14 സബ്സിഡി ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കില്ലെന്ന സര്‍ക്കാര്‍ ലക്ഷ്യം നടപ്പിലാക്കാനായതായും മന്ത്രി പറഞ്ഞു.
സർക്കാർ അധികാരത്തിൽ വരുമ്പോൾ 38 പഞ്ചായത്തുകളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ ഉണ്ടായിരുന്നില്ല. ഇതിൽ ഇനി ഏഴ് പഞ്ചായത്തുകളിൽ കൂടി സപ്ലൈകോ സൂപ്പർ സ്റ്റോറുകൾ തുറക്കാൻ ഉള്ളു. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് ഇവിടെയും ആരംഭിക്കുന്നതോടെ പൊതുവിതരണ മേഖലയുടെ എല്ലാ ആനുകൂല്യങ്ങളും കേരളം മുഴുവൻ ഉറപ്പു വരുത്തകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കൾക്ക് അവശ്യവസ്തുക്കൾക്ക് കമ്പോള വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ സാധിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാദേശികമായി നടന്ന ചടങ്ങിൽ തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽക്ഫിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി ബാലൻ, വാർഡ് മെമ്പർ യു.സി ഷംസുദ്ദീൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam