നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്‌കൂളും അടച്ചുപൂട്ടില്ല: മന്ത്രി ടി പി രാമകൃഷ്ണന്‍

Published : Feb 25, 2020, 12:50 AM IST
നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്‌കൂളും അടച്ചുപൂട്ടില്ല: മന്ത്രി ടി പി രാമകൃഷ്ണന്‍

Synopsis

പൊതുവിദ്യാഭ്യാസം വില്‍പ്പനച്ചരക്കാക്കി മാറ്റരുത്. ലാഭത്തിന്റെയും നഷ്ടത്തിന്റെയും അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയെ പരിഗണിക്കരുതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്: നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്‌കൂള്‍ പോലും അടച്ചുപൂട്ടില്ലെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം പഠനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂനൂര്‍ ജിഎംയുപി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസം വില്‍പ്പനച്ചരക്കാക്കി മാറ്റരുത്. ലാഭത്തിന്റെയും നഷ്ടത്തിന്റെയും അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയെ പരിഗണിക്കരുതെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം സമൂഹത്തില്‍ ഉന്നതമൂല്യം ഉള്‍ക്കൊള്ളുന്നതാണ്. ആ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വലിയപോരാട്ടമാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് കേരളത്തില്‍ നടത്തുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയവര്‍ക്ക് അഭിമാനിക്കാവുന്ന സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏത് അറിവും കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അധ്യാപകര്‍ക്ക് കഴിയണം. പരീക്ഷക്ക് ഒരു സമ്മര്‍ദ്ദവുമില്ലാതെ സജ്ജരാക്കാന്‍ കഴിയണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി യൂണിഫോം, ഭക്ഷണം, പാഠപുസ്തകങ്ങള്‍ എന്നിവ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 

വിവിധ ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്നവരെ ഒരേപോലെ പരിഗണിക്കുന്നു. പശ്ചാത്തല സൗകര്യമൊരുക്കിയ സ്ഥലങ്ങളിലെല്ലാം ക്ലാസ്മുറികള്‍ ഹൈടെക്കായി കഴിഞ്ഞു. മാനേജ്‌മെന്റ് നിലവാരത്തിലുള്ള സ്‌കൂളുകള്‍ വികസിപ്പിച്ചെടുക്കാന്‍ സര്‍ക്കര്‍ ചാലഞ്ച് ഫണ്ട് നല്‍കുകയാണ്. ആ ബാധ്യത സര്‍ക്കാര്‍ വഹിക്കുകയാണ്. സര്‍ക്കാര്‍ ഇതെല്ലാം നല്‍കുമ്പോഴും മാനേജ്‌മെന്റ് സ്‌കൂളുകളില്‍ അധ്യാപകനിയമനം സര്‍ക്കാര്‍  അറിയണമെന്ന് പറഞ്ഞപ്പോള്‍ എന്തെല്ലാം കോലാഹലങ്ങളാണ് ഇവിടെയുണ്ടായതെന്ന് മന്ത്രി ചോദിച്ചു. 

സര്‍ക്കാര്‍ ഇത്തരത്തില്‍ പറഞ്ഞാല്‍ അത് തെറ്റാണോ, അത് ഏതെങ്കിലും മാനേജ്‌മെന്റിന്റെയോ അധ്യാപകരുടെയോ അവകാശം നിഷേധിക്കുന്നതാണോ എന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ശമ്പളം നല്‍കുമ്പോള്‍ അത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും കൃത്യതയോടെ ചെയ്യുന്നതിന് അധ്യാപകനിയമനം സര്‍ക്കാറിനെക്കൂടി അറിയക്കണമെന്നുമാണ് ഉദ്ദേശിച്ചത്. വസ്തുതകള്‍ മനസിലാക്കി നന്മയുടെ പക്ഷത്ത് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍ കടലുണ്ടി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വി പത്മനാഭന്‍ പഠനോത്സവ സന്ദേശവും പൊതുവിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ വി മധു മാസ്റ്റര്‍ നാമ്പ് വിശദീകരണവും നല്‍കി. 

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഉസ്മാന്‍ മാസ്റ്റര്‍, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് അംഗം പി സാജിദ, എസ്എസ്‌കെ ഡിപിഒ വി വസീഫ്, ബാലുശേരി എഇഒ എം രഘുനാഥ്, ബിപിഒ ഡിക്ടമോള്‍, പൂനൂര്‍ ജിഎംയുപി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഒ കെ സാദിഖ്, പിടിഎ വൈസ്പ്രസിഡന്റ് ടി സുബൈര്‍, എംപിടിഎ കണ്‍വീനര്‍ കെ ജസീദ, എ കെ ഗോപാലന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, കെ അബൂബക്കര്‍മാസ്റ്റര്‍, കെ ശാദില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്എസ്‌കെ ഡിപിസി എ കെ അബ്ദുല്‍ഹക്കീം സ്വാഗതവും എസ്എസ് കെ ബാലുശേരി ബിപിസി ടി കെ അബ്ബാസ് നന്ദിയും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്