
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തിരക്കിട്ട പരിപാടികള്‍ക്കിടയിലായിരുന്നു മന്ത്രി വീണാ ജോര്‍ജ്. വെള്ളിമാടുകുന്നിലെ ജെന്‍ഡര്‍പാര്‍ക്കിലെ സന്ദര്‍ശനത്തിന് ശേഷമാണ് വെള്ളിമാടുകുന്നിലെ ആണ്‍കുട്ടികളുടെ ഹോം മന്ത്രി സന്ദര്‍ശിച്ചത്. ഹോമിലെ കുട്ടികളും കെയര്‍ടേക്കര്‍മാരും പുറത്ത് നില്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായുള്ള മന്ത്രിയുടെ വരവ് കണ്ട് ബാക്കിയുള്ളവരും ഓടിയെത്തി. കുട്ടികള്‍ തന്നെ മന്ത്രിയെ ഹോമിലേക്ക് കൂട്ടിക്കൊണ്ടുപോയി. മന്ത്രി ഹോമിലെ ജീവനക്കാരോടും കുട്ടികളോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
മന്ത്രി ഹോം പരിസരവും അടിസ്ഥാന സൗകര്യങ്ങളും അടുക്കളയില്‍ കയറി കുട്ടികള്‍ക്കുള്ള ഭക്ഷണവുമെല്ലാം പരിശോധിച്ച് വിലയിരുത്തി. അതിനിടയിലാണ് ചില കുട്ടികള്‍ 'ഞങ്ങള്‍ക്കൊരു ഊഞ്ഞാല്‍ കെട്ടിത്തരുമോ' എന്ന് മന്ത്രിയോട് ആവശ്യപ്പെട്ടത്. മുമ്പൊരു ഊഞ്ഞാല്‍ ഉണ്ടായിരുന്നുവെന്നും പണിനടക്കുന്നതിനാല്‍ അതെല്ലാം പോയെന്നും അവര്‍ പറഞ്ഞു.
ഉടന്‍ തന്നെ മന്ത്രി ഹോമിലെ ജീവനക്കാരോട് എത്രയും വേഗം ഒരു ഊഞ്ഞാലിട്ട് കൊടുക്കാന്‍ നിര്‍ദേശം നല്‍കി. ഊഞ്ഞാലിട്ട ശേഷം അക്കാര്യം തന്നെ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നിര്‍ദേശം കുട്ടികള്‍ സന്തോഷത്തോടെ സ്വീകരിച്ചു. അങ്ങനെ ഹോമിന്റെ മുറ്റത്ത് ജീവനക്കാര്‍ തന്നെ ഊഞ്ഞാലൊരുക്കി. കുട്ടികള്‍ ഉത്സാഹത്തോടെ ഊഞ്ഞാലാട്ടം തുടരുകയാണ്.
ഹോമിലെ മുതിര്‍ന്ന കുട്ടികള്‍ ചെറിയൊരു ജിമ്മാണ് ആവശ്യപ്പെട്ടത്. ഹോമില്‍ ചെറിയൊരു ജിം തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വനിതശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam