ഇടുക്കിയിൽ വീണ്ടും നേരിയ ഭൂചലനം: തുടർചലനം രണ്ടാം ദിവസം

By Web TeamFirst Published Feb 28, 2020, 8:57 PM IST
Highlights

ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്താണ് തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനമുണ്ടാകുന്നത്. ഇന്നലെ രാത്രി മുഴക്കത്തോടെയുണ്ടായ പ്രകമ്പനം നാട്ടുകാരെ ഭയപ്പാടിലാക്കിയിരുന്നു. 

ഇടുക്കി: തുടർച്ചയായ രണ്ടാം ദിനവും ഇടുക്കിയിൽ നേരിയ ഭൂചലനം. ഇടുക്കി ഡാമിനടുത്തെ കാൽവരി മൗണ്ടാണ് പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 1.5 തീവ്രത  രേഖപ്പെടുത്തി. ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്താണ് തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനമുണ്ടാകുന്നത്. രാത്രി 7.43-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച അനുഭവപ്പെട്ടത് പോലെത്തന്നെ പ്രകമ്പനത്തോടെയാണ് ഇന്നും ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 1.5 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രഭവകേന്ദ്രം ഇടുക്കി ഡാമിനടുത്തെ കാൽവരി മൗണ്ടാണെന്നും വിദഗ്‍ധർ അറിയിച്ചു.

ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രാത്രി രണ്ട് ഭൂചലനങ്ങളാണ്, നേരിയ രീതിയിലെങ്കിലും, തുടർച്ചയായി അനുഭവപ്പെട്ടത്. രാത്രി 10.15-നും 10.25-നും ഇടയിലാണ് തുടർച്ചയായ രണ്ട് ഭൂചലനങ്ങളുണ്ടായത്. നേരിയ പ്രകമ്പനത്തോടെയുണ്ടായ ശക്തമായ മുഴക്കം അനുഭവപ്പെട്ടത് ആളുകളെ പരിഭ്രാന്തരാക്കുകയും ചെയ്തു. 

2018-ലെ പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ മേഖലയാണ് ഇടുക്കി. തുടർച്ചയായ മണ്ണിടിച്ചിലുകളും ഉരുൾപൊട്ടലുകളുമടക്കം ഇടുക്കിയുടെ ഭൂപ്രകൃതിയിൽത്തന്നെ വലിയ രീതിയിൽ മാറ്റങ്ങൾ വരുത്തിയ പ്രളയമാണ് കടന്നുപോയത്. അതിശക്തമായി പെയ്ത മഴയെത്തുടർന്ന് ഇടുക്കി ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളമാണ് മേഖലയിൽ പ്രളയക്കെടുതിയ്ക്കിടയാക്കിയത്.

ഈ സാഹചര്യത്തിൽ തുടർച്ചയായ രണ്ട് ദിവസവും ഭൂചലനങ്ങളുണ്ടാകുന്നത് ഇടുക്കി നിവാസികളെ ഭയപ്പെടുത്തുന്നതാണ്. മുല്ലപ്പെരിയാറിന്‍റെ ബലത്തെക്കുറിച്ച് പല വിവാദങ്ങളും പല കാലങ്ങളിലായി ഉണ്ടായിരുന്നതിന്‍റെ ഭീതിയും ജനങ്ങളെ വിട്ടുപോയിട്ടില്ല. 

ഇടുക്കിയിൽ ഇന്നലെയുണ്ടായ ഭൂചലനത്തെക്കുറിച്ച് പരിശോധിച്ച് വിവരങ്ങൾ നൽകുമെന്നാണ് കെഎസ്ഇബി ഗവേഷണവിഭാഗം അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്നും ഭൂചലനമുണ്ടാകുന്നത്.

Read more at: ഇടുക്കി അണക്കെട്ടിന്‍റെ വ‍ൃഷ്ടിപ്രദേശങ്ങളിൽ ഭൂചലനം

click me!