അടിമാലിയില്‍ നിന്നും കാണാതായ കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം

By Web TeamFirst Published Apr 20, 2021, 1:55 PM IST
Highlights

ഇരുവരുടെയും പ്രണയബന്ധം ഇരു വീട്ടുകാര്‍ക്കും അറിവുള്ളതായിരുന്നു. പെണ്‍കുട്ടിയുടെ പഠനം പൂര്‍ത്തിയായ ശേഷം വിവാഹം എന്ന തീരുമാനത്തിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍, ഇതിനിടെയാണ് ഇരുവരുടെയും തിരോധാനം സംഭവിച്ചത്.


ഇടുക്കി : അടിമാലി മാങ്കടവില്‍ നിന്നും ആറ് ദിവസം മുന്‍പ് കാണാതായ കമിതാക്കളുടെ മൃതദേഹങ്ങള്‍ പാല്‍ക്കുളം മേട്ടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ മരച്ചില്ലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. അടിമാലി ഓടക്കാസിറ്റി മൂന്നുകണ്ടത്തില്‍ അനികുമാര്‍ – മിനി മോള്‍ ദമ്പതികളുടെ മകള്‍ ശിവഗംഗ (19), ഇവരുടെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മാങ്കടവ് മരോട്ടിമൂട്ടില്‍ പരേതനായ രവീന്ദ്രന്‍റെയും തങ്കമണിയുടെയും മകന്‍ വിവേക് (21) എന്നിവരുടെ മൃതദേഹങ്ങളാണ് ഇടുക്കി ആല്‍പാറയ്ക്ക് സമീപം പാല്‍ക്കുളം മേട്ടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ മരച്ചില്ലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും പ്രതികൂല കാലവസ്ഥയെ തുടർന്ന് ഇന്നാണ് മൃതദേഹം പോസ്റ്റുമാട്ടത്തിനായി മാറ്റിയത്.

രണ്ട് ദിവസത്തിലേറെ പഴക്കം കണക്കാക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. ശിവഗംഗ ധരിച്ചിരുന്ന ചുരിദാര്‍ ഷാള്‍ രണ്ടാക്കി മരച്ചില്ലയില്‍ കെട്ടിയ നിലയിലാണ്. ഷാളിന്‍റെ അറ്റങ്ങള്‍ ഉപയോഗിച്ച്  ഇരുവരുടെയും കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചര്‍ ജോജി എം. ജേക്കബിന്‍റെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തിലാണ് വനംവകുപ്പ് വാച്ചര്‍മാര്‍ ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ കാലുകള്‍ നിലത്ത് മുട്ടിയ നിലയിലായിരുന്നു. ഒറ്റക്കമ്പിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഈ മാസം 13-നാണ് ഇരുവെരെയും കാണാതായത്. പതിമൂന്നിന് രാത്രി 7.15 വരെ  വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി, കുടുംബ പ്രാഥനയ്ക്കിടെ ശുചിമുറിയില്‍ പോകുകയാണെന്നറിയിച്ചാണ് വീട് വിട്ടിറങ്ങിയത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അന്ന് രാത്രി 9.30 ന് ബന്ധുക്കള്‍ അടിമാലി പൊലിസിയില്‍ പരാതി നല്‍കി. 13 ന് രാത്രി വീട് വിട്ട ഇരുവരും ബൈക്കില്‍ പോകുന്നത് വീടിന് സമീപത്തെ മാങ്കടവ് ദേവി ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

പതിനഞ്ചാം തീയതി ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 68 എ 9417 പള്‍സര്‍ ബൈക്ക് ഇടുക്കി കരിമ്പന് സമീപം പാല്‍കുളംമേട് വിനോദസഞ്ചര മേഖലയോട് ചേര്‍ന്നുള്ള വനാതിര്‍ത്തിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.

ഇരുവരും വീട് വിട്ട ശേഷം 14-ന് രാവിലെ 9.30-ന് വിവേക് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷം ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ നിശ്ചലമാകുകയായിരുന്നു. ഇരുവരുടെയും പ്രണയബന്ധം ഇരു വീട്ടുകാര്‍ക്കും അറിവുള്ളതായിരുന്നു. പെണ്‍കുട്ടിയുടെ പഠനം പൂര്‍ത്തിയായ ശേഷം വിവാഹം എന്ന തീരുമാനത്തിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍, ഇതിനിടെയാണ് ഇരുവരുടെയും തിരോധാനം സംഭവിച്ചത്.

ബൈക്കിരിക്കുന്ന സ്ഥലത്ത് നിന്ന് മുക്കാല്‍ കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് മൃതദേഹം കാണപ്പെട്ടത്. വിവേക് അടിമാലിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഇരിങ്ങാലക്കുടയില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നടപടികള്‍ക്കും ശേഷം മൃതേദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഉച്ചകഴിഞ്ഞ് ഇരുവരുടെയും സംസ്‌കാരം വീട്ടുവളപ്പുകളില്‍ നടക്കും. വിശാഖ്, വിവേകിന്‍റെ ഇരട്ട സഹോദരനും വിഷ്ണു മറ്റൊരു സഹോദരനുമാണ്. അമര്‍നാഥാണ് ശിവഗംഗയുടെ ഏക സഹോദരന്‍.


 

click me!