
മൂന്നാർ: സി.പി.എം എം.എൽ.എയുടെ നേതൃത്വത്തിൽ ട്രിബ്യൂണൽ കോടതി കെട്ടിടത്തിൽ അതിക്രമിച്ചു കയറി ഫർണിച്ചറുകളും ഫയലുകളും നശിപ്പിച്ചു. എം.എൽഎയുടെ അടക്കമുള്ള കേസുകളുടെ ഫയലുകളാണ് നശിപ്പിച്ചത്.സംഭവം മൊബൈൽ ഫോണിൽ പകർത്തിയ ജീവനക്കാരയും മർദിച്ചു. കോടതി ജീവനക്കാരനായ സുമി ജോർജിന് ആക്രമണത്തിൽ പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചക്കാണ് എസ്.രാജേന്ദ്രൻ എം.എൽ.എ, ദേവികുളം തഹസീൽദാർ പി.കെ.ഷാജി, ഗവ.കോളേജിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ നേത്യത്വത്തിൽ ട്രിബ്യൂണൽ കോടതിയിലെത്തിയത്. ഉരുൾപൊട്ടലിൽ തകർന്ന ഗവ.കോളേജ് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടിയാണ് ഇവരെത്തിയത്. ഈ സമയം ട്രിബ്യൂണൽ അംഗം എൻ.കെ.വിജയൻ, ജീവനക്കാർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. കെട്ടിടത്തിന്റെ മുകൾനിലയിലെ മുറികളുടെ താക്കോൽ എം.എൽ.എ ആവശ്യപ്പെട്ടു. ജീവനക്കാർ താക്കോൽ കൊണ്ടുവരുന്നതിന് മുൻപ് സംഘത്തിലുണ്ടായിരുന്നവർ പുട്ടുകൾ തകർന്ന് ഉപകരണങ്ങൾ പുറത്തേക്ക് എറിയുകയായിരുന്നു.
തുടർന്ന് മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന കോടതി മുറിയിലെ സാമഗ്രികൾ പുറത്തിട്ട ശേഷം എം.എൽ.എയുടെ നേത്രത്വത്തിൽ കസേരകൾ നിരത്തി വിദ്യാർത്ഥികളെ ഇരുത്തി, ക്ലാസ് എടുക്കുവാൻ അധ്യാപകർക്ക് നിർദേശം നൽകി. ഈ സംഭവങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്ന ജീവനക്കാരൻ സുമി ജോർജിനെ സംഘാംഗങ്ങൾ വളഞ്ഞിട്ട് മർദിക്കുകയും ചിത്രങ്ങളും, വീഡിയോയും ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു.ഇതിനു ശേഷമാണ് സംഘം മടങ്ങിയതെന്ന് കോടതി ജീവനക്കാർ പറഞ്ഞു.
മൂന്നാറിലും പരിസരങ്ങളിലുമുള്ള എട്ടുവില്ലേജുകളിലെ ഭൂമി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ച ട്രിബ്യൂണൽ കോടതിയുടെ പ്രവർത്തനം മരവിപ്പിച്ചു കൊണ്ട് ജൂലൈ 30ന് സർക്കാർ ഉത്തരവിറങ്ങിയിരുന്നു ഇതിനെ തുടര്‍ന്ന് കോടതി കൈകാര്യം ചെയ്തിരുന്ന കേസ് ഫയലുകൾ ക്രമപ്പെടുത്തി മറ്റു കോടതികളിലേക്ക് അയയ്ക്കുന്ന നടപടികൾ നടന്നുവരികയായിരുന്നു. തകർന്ന കോളേജിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിന് ട്രിബ്യൂണൽ കെട്ടിടവും പരിഗണിച്ചിരുന്നെങ്കിലും, ഫയലുകൾ നീക്കുന്ന നടപടികൾ നടക്കുന്നതിനാൽ കെട്ടിടം വിട്ടു നൽകിയില്ല. ഇതിനിടയിലാണ് എം.എൽ.എയുടെ നേത്യത്വത്തിൽ കെട്ടിടത്തിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ജീവനക്കാരനെ പരിക്കേൽപ്പിക്കുകയും ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam