
തൃശൂർ: കേരളത്തിന്‍റെ മനസാക്ഷിയുടെ മുഖത്തേറ്റ അടിയായിരുന്നു പാലക്കാട് അട്ടപ്പാടിയില്‍ ജനങ്ങള്‍ കൂട്ടംകൂടി ഒരു മനുഷ്യനെ അടിച്ചുകൊന്ന സംഭവം. വിശന്നപ്പോള്‍ ഭക്ഷണം മോഷ്ടിച്ചെന്ന കുറ്റം ചാര്‍ത്തി ജനക്കൂട്ടം വിചാരണയും ശിക്ഷയും നടപ്പാക്കിയപ്പോള്‍ മധുവെന്ന ചെറുപ്പക്കാരന് നഷ്ടമായത് ജീവനായിരുന്നു. ഇന്ന് അതേ ജനക്കൂട്ടത്തിന്‍റെ മുന്നിലൂടെ മധുവിന്‍റെ സഹോദരി അഭിമാനത്തോടെയാണ് ചുവടുവച്ച് നീങ്ങുന്നത്.
ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ് മധുവിന്‍റെ പെങ്ങള്‍ ചന്ദ്രിക. കേരള പൊലീസ് സേനയുടെ ഭാഗമായി മാറിക്കഴിഞ്ഞു ചന്ദ്രിക. കേരള പൊലീസിന്‍റെ ഭാഗമാകാനുള്ള ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചന്ദ്രിക. തൃശൂര്‍ പൊലീസ് അക്കാദമി മൈതാനത്തായിരുന്നു ചന്ദ്രികയുടെ പാസിങ് ഔട്ട് പരേഡ് നടന്നത്.
2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ജനക്കൂട്ടം തല്ലി കൊന്നത്. മധു മരിക്കുമ്പോള്‍ ചന്ദ്രിക കേരള പൊലീസിന്‍റെ ഭാഗമാകാനുള്ള ഓട്ടത്തിലായിരുന്നു. ജനക്കൂട്ടത്തിന്‍റെ ക്രൂരതയ്ക്കുമുന്നില്‍ സഹോദരന്‍ പിടഞ്ഞുമരിച്ച വേദനയും പേറിയാണ് അവള്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയത്.
ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉള്‍പ്പെട്ടത്. ചന്ദ്രിക ഉള്‍പ്പടെ പാലക്കാട് ജില്ലയില്‍ നിന്ന് 15 പേരാണ് പൊലീസില്‍ ഇക്കുറി നിയമിതരാവുന്നത്. ചന്ദ്രികയുടെ സഹോദരി സരസു അങ്കണവാടി വർക്കറും അമ്മ മല്ലി അങ്കണവാടി ഹെൽപ്പറുമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam