ഗ്രീന്‍സോണ്‍ ആശ്വാസം നിലനിര്‍ത്താനായില്ല; വയനാട് വീണ്ടും നിയന്ത്രണങ്ങളിലേക്ക്

By Web TeamFirst Published May 5, 2020, 10:38 PM IST
Highlights

ഒരു മാസം പുതിയ രോഗികള്‍ ഇല്ലാതായതോടെ കേന്ദ്ര പട്ടികയില്‍ ഗ്രീന്‍സോണിലായിരുന്നു വയനാടിന്റെ സ്ഥാനം. മറ്റു ജില്ലകളെ അപേക്ഷിച്ച് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ ഇതോടെ നല്‍കാനും അധികൃതര്‍ തയ്യാറായി

കല്‍പ്പറ്റ: ഒരു മാസം പുതിയ രോഗികള്‍ ഇല്ലാതായതോടെ കേന്ദ്ര പട്ടികയില്‍ ഗ്രീന്‍സോണിലായിരുന്നു വയനാടിന്റെ സ്ഥാനം. മറ്റു ജില്ലകളെ അപേക്ഷിച്ച് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ ഇതോടെ നല്‍കാനും അധികൃതര്‍ തയ്യാറായി. 21 ദിവസം പോസറ്റീവ് കേസുകള്‍ ഇല്ലാത്ത ഇടങ്ങളെയാണ് ഗ്രീന്‍സോണ്‍ ആയി പരിഗണിക്കുന്നത്. എന്നാല്‍ ഈ ആശ്വാസം ദിവസങ്ങള്‍ക്കുള്ളില്‍ മാറി മറിഞ്ഞതിന്റെ ഞെട്ടലിലാണ് ജില്ല. ഗ്രീന്‍സോണ്‍ ആശ്വാസത്തിനിടെ കഴിഞ്ഞ രണ്ടിനാണ് മാനന്തവാടി കുറുക്കന്‍മൂല സ്വദേശിയായ 52കാരന് കോവിഡ്-19 സ്ഥിരീകരിച്ചത്. 

ലോറി ഡ്രൈവറായ ഇദ്ദേഹം ഏപ്രില്‍ 26ന് ചെന്നൈയില്‍ നിന്ന് തിരിച്ച് വന്നതായിരുന്നു. 29ന് സ്രവ പരിശോധന നടത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് രോഗം ഉറപ്പിച്ചത്. ഇതോടെ ഗ്രീന്‍സോണില്‍ നിന്നും ഓറഞ്ച് സോണിലേക്ക് മാറിയ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. രോഗ ബാധിതന്‍ സമ്പര്‍ക്കം പുലര്‍ത്തിയ പ്രദേശങ്ങള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മാനന്തവാടി നഗരസഭയിലെ ഏഴ്,എട്ട്, ഒമ്പത്,10, 21, 22 -ടൗണ്‍ ഏരിയ, 25, 26, 27 വാര്‍ഡുകളും, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും എടവക ഗ്രാമപഞ്ചായത്തിലെ 12, 14, 16 വാര്‍ഡുകളും, വെളളമുണ്ട പഞ്ചായത്തിലെ ഒമ്പത്,10, 11, 12 വാര്‍ഡുകളും, മീനങ്ങാടി പഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത്, 17 വാര്‍ഡുകളുമാണ് കോവിഡ് കണ്ടൈന്‍മെന്റുകളായി പ്രഖ്യാപിച്ചു. 

അമ്പലവയല്‍ പഞ്ചായത്തിലെ മാങ്ങോട്ട് കോളനിയും മീനങ്ങാടി പഞ്ചായത്തിലെ തച്ചമ്പത്ത് കോളനിയും കൊവിഡ് കണ്ടൈന്‍മെന്റുകളാക്കി. പുതിയ കേസുകളുണ്ടാവില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ജില്ലയെങ്കിലും ഇന്ന് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് മൂന്ന് പേര്‍ക്ക് വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ 49 കാരിയായ ഭാര്യക്കും 88 വയസുളള അമ്മക്കും  ലോറി ക്ലീനറുടെ 20 വയസുളള  മകനുമാണ് രോഗം സ്ഥിരീകരിച്ചത്. 

സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത് എന്നത് അതീവ ഗൗരവത്തോടെയാണ് ജില്ലഭരണകൂടം കാണുന്നത്. അതിനാല്‍ തന്നെ വരുംനാളുകളില്‍ കടുത്ത നിയന്ത്രങ്ങള്‍ ജില്ലയില്‍ വേണ്ടിവന്നേക്കും. വയനാട് ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടി. ചൊവ്വാഴ്ച്ച 286 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1166 ആയി. അയല്‍ സംസ്ഥാനത്ത് നിന്നും മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി 275 യാത്രികര്‍ ജില്ലയിലെത്തി.

click me!