
ഇടുക്കി. മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ തിങ്കളാഴ്ച്ച പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ അവിശ്വാസം കൊണ്ടുവരികയും രണ്ട് കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ കൂറുമാറുകയും ചെയ്തതോടെയായിരുന്നു മൂന്നാര്‍ പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടായത്. രാവിലെ 11 ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടരക്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.
എല്‍ ഡി എഫില്‍നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രവീണ രവികുമാറും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എം രാജേന്ദ്രനുമാണ് മത്സരിക്കുന്നത്. ഇരുവരും കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയവരാണ്. യു ഡി എഫില്‍നിന്ന് പ്രസിഡന്‍റ് ദീപാ രാജ്കുമാറും വൈസ് പ്രസിഡന്റായി മാര്‍ഷ് പീറ്ററും മത്സരിക്കും. ഇരു മുന്നണികളും മത്സരത്തെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
ദേവികുളം താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ ഉമ്മര്‍ ഫറൂക്കാണ് തിരഞ്ഞെടുപ്പ് വരണാധികാരി. പഞ്ചായത്ത് ഭരിച്ചിരുന്ന യു ഡി എഫ് ഭരണസമിതിക്കെതിരേ എല്‍ ഡി എഫ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവരികയും പ്രമേയം ചര്‍ച്ചക്കെടുക്കും മുമ്പെ യുഡിഎഫ് അംഗം പ്രസിഡന്‍റ് സ്ഥാനം രാജി വയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് വൈസ് പ്രസിഡന്‍റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയും ചെയ്തു. 21 വാര്‍ഡുകളുള്ള മൂന്നാര്‍ ഗ്രാമ പഞ്ചായത്തില്‍ യു ഡി എഫിന് 11ഉം എല്‍ ഡി എഫിന് 10ഉം അംഗങ്ങളാണുള്ളത്. യുഡിഎഫ് അംഗങ്ങളില്‍ രണ്ട് പേര്‍ കൂറുമാറി എല്‍ഡിഎഫിനൊപ്പമെത്തിയിരുന്നു.