
മൂന്നാർ: യുഡിഎഫിനൊപ്പം അണിചേർന്നതിന്റ പേരിൽ തന്റെ വ്യാജ ഒപ്പിട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയവർക്കെതിരെ നിയപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 17-ാം വാർഡ് സിപിഎം അംഗം വി. ബാലചന്ദ്രൻ മൂന്നാർ പൊലീസിൽ പരാതി നൽകി.
കത്തിൽ ഒപ്പ് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ഗസറ്റഡ് ഓഫീസർക്കെതിരെയാണ് പരാതി. അവിശ്വാസ പ്രമേയ ചർച്ചകൾക്ക് മുന്നോടിയായി ഉള്ള രണ്ട് ദിവസം എംജി കോളനിയിലെ സുഹൃത്തിന്റ വീട്ടിലാണ് ബാലചന്ദ്രൻ ഉണ്ടായിരുന്നത്. ആ ദിവസങ്ങളിൽ വേറെ എവിടെയും പോയിട്ടില്ല. രാജിക്കത്ത് തയ്യറാക്കുന്നതിന് ഗസറ്റഡ് ഒഫീസർ മുമ്പാകെ പോയെന്ന് പറയുന്നത് വ്യാജമാണ്. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി സെക്രട്ടറി കത്ത് റിട്ടേണിംങ്ങ് ഓഫീസർക്ക് കൈമാറിയപ്പോൾ ഇക്കാര്യം രേഖാമൂലം പറഞ്ഞിരുന്നു.
രാജിക്കത്തിലെ വ്യാജ ഒപ്പിന്റെ ഉറവിടം കണ്ടെത്തുന്നതോടൊപ്പം പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ബാലചന്ദ്രൻ മൂന്നാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് സിപിഎമ്മുമായി ഇടഞ്ഞ ബാലചന്ദ്രൻ അവിശ്വാസ പ്രമേയ ചർച്ചകൾക്കായി കോൺഗ്രസ് അംഗങ്ങൾക്കൊപ്പം പഞ്ചായത്തിൽ എത്തിയത്. എന്നാൽ ചർച്ചകൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ബാലചന്ദ്രൻ പഞ്ചായത്ത് അംഗത്വം രാജി വെയ്ക്കുന്നതായി കാട്ടിയുള്ള ഒരു കത്ത് തപാൽ മുഖന സെക്രട്ടറിക്ക് ലഭിച്ചു.
തുടർന്ന് ബാലചന്ദ്രന് ചർച്ചകളിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. കൂറുമാറിയെന്ന് ആരോപിച്ച് ഇടതുമുന്നണി പ്രവർത്തകർ ഇയാളുടെ കോട്ടേജ് തല്ലി തകർക്കുകയും ചെയ്തു. സംഭവത്തിൽ ശരത്ത് , സമ്പത്ത് എന്നിവർക്കെതിരെ ബാലചന്ദ്രന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എല്‍ഡിഎഫിന്റെ തെറ്റായ ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതും അവിശ്വാസ പ്രമേയ ചര്‍ച്ചകളില്‍ പങ്കെടുത്തതും എന്നും താന്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ചതായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും ലഭിച്ചിരിക്കുന്ന വ്യാജ കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കുമെന്നും വി ബാലചന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു.