കൊവിഡിനെതിരെ പോരാടാന്‍ സന്ദേശഗാനവുമായി മൂന്നാറിലെ മാധ്യമപ്രവര്‍ത്തകര്‍

By Web TeamFirst Published May 6, 2020, 3:40 PM IST
Highlights

വീഡിയോയുടെ ലോഞ്ചിംഗ് ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ വച്ച് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ നിര്‍വ്വഹിച്ചു

മൂന്നാര്‍: കൊവിഡ് 19 ന് എതിരായ ബോധവത്കരണ പ്രചാരണ പരിപാടികളില്‍ പങ്കാളികളായി മാധ്യമപ്രവര്‍ത്തകര്‍. സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ ഗാനരൂപത്തിലാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വീഡിയോയുടെ ലോഞ്ചിംഗ് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ നിര്‍വ്വഹിച്ചു. കൊവിഡ് 19 വൈറസ് സമൂഹത്തിന് ഏല്‍പ്പിച്ച കനത്ത ആഘാതത്തെ മറികടക്കുവാന്‍ സമൂഹമൊന്നായ് പോരാടുമ്പോള്‍ തങ്ങളുടെ ബോധവത്കരണ പരിപാടികളിലൂടെ അതിജീവനത്തിന്റെ സന്ദേശം നല്‍കുവാന്‍ ഒരുങ്ങുകയാണ് മൂന്നാറിലെ പ്രസ് ക്ലബ് അംഗങ്ങള്‍. 

കൊവിഡ് 19 സമൂഹത്തില്‍ ഏല്‍പ്പിച്ച ആഘാതം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ ജീവിതത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോള്‍ അതിനെ അതിജീവിക്കുവാന്‍ ഒന്നിച്ചു നിന്ന് പോരാടുവാന്‍ നല്‍കുന്ന സന്ദേശം എന്ന നിലയിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രചാരണ പരിപാടിയായ ബ്രേക്ക് ദ ചെയിനിന്റെ രണ്ടാം ഘട്ട പ്രചരണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാട്ടായി ദൃശ്യങ്ങള്‍ സഹിതം നല്‍കിയിരിക്കുകയാണ്. 

വീഡിയോയുടെ ലോഞ്ചിംഗ് ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ വച്ച് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ നിര്‍വ്വഹിച്ചു. നാടുമുഴുവന്‍ കൊവിഡ് വൈറസിനെ തുരത്തുവാന്‍ പോരാടുമ്പോള്‍ അതില്‍ പങ്കാളികളായി സമൂഹത്തിന് നല്ല മാതൃകയായ മാധ്യമപ്രവര്‍ത്തകരെ സബ് കളക്ടര്‍ അഭിനന്ദിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും സബ് കളക്ടര്‍ പറഞ്ഞു. 

കൊവിഡിനെതിരായി പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്ന് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ നിഗേഷ് ഐസക്കിന്റെ നേതൃത്വത്തിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. 

click me!