
തൃശൂര്‍: അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത് ഇഷ്ടദേവ സന്നിധിയില്‍നിന്ന്. കെ.കരുണാകരന്റെ മകന്‍ കെ. മുരളീധരനായിരുന്നു ഇന്നലെ ലീഡറുടെ പാത പിന്തുടരാനെത്തിയത്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ശനിയാഴ്ച തൃശൂരിലെത്തി റോഡ്‌ഷോയില്‍ പങ്കെടുത്തെങ്കിലും ഒരുപാട് അടുത്ത ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങുംമുമ്പെ ഗുരുവായൂരപ്പനെ വണങ്ങണം എന്നത് നിര്‍ബന്ധം പ്രകടിപ്പിച്ചിരുന്നുവെന്ന് മുരളീധരന്റ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ടി.എസ്. അജിത്, ബ്ലോക്ക് സെക്രട്ടറി ശിവന്‍ പാലിയത്ത്, മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍, ദേവസ്വം യൂണിയന്‍ ഭാരവാഹികളായ നവീന്‍ മാധവശേരി, രമേഷ്, കെ. അനില്‍കുമാര്‍, സി. ശിവശങ്കരന്‍, പാലിയത്ത് ശിവന്‍ എന്നിവര്‍ അനുഗമിക്കാനെത്തിയിരുന്നു.
ഗുരുവായൂരപ്പ ഭക്തനായ ലീഡര്‍ കെ. കരുണാകരന്‍ എല്ലാ മലയാള മാസം ഒന്നാ തീയതിക്ക് പുറമേ ജീവിതത്തിലെ സുപ്രധാന വേളകളിലും ഗുരുവായൂരപ്പനെ തൊഴാനെത്താറുണ്ട്. ഈ പാത പിന്തുടര്‍ന്ന് എല്ലാ മാസവും മുരളീധരനും ഗുരുവായൂരിലെത്തുന്നത് പതിവ് ചര്യയാക്കി മാറ്റി. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം മമ്മിയൂരിലും നാരായണംകുളങ്ങര ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിറങ്ങിയത്.
അതേസമയം, വിപുലമായ ഒരുക്കങ്ങളാണ ്കോൺഗ്രസ് തൃശൂര്‍ മണ്ഡലത്തിൽ നടത്തിയത്. തൃശൂര്‍ ടൗണ്‍ ഹാളില്‍ യുഡിഎഫിന്‍റെ ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത വിഡി സതീശൻ, വര്‍ഗീയതയെ തുടച്ചുനീക്കി മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ലോക്‌സഭ തെരഞ്ഞെടുപ്പെന്ന് പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇടതു മുന്നണിയും ബിജെപിയും പരാജയം സമ്മതിച്ച അവസ്ഥയാണെന്നും വി ഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനായി ടി എന്‍ പ്രതാപന്‍ ചെയര്‍മാനായി 5001 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ആയിരങ്ങളുടെ അകമ്പടിയോടെ തൃശൂര്‍ ടൗണില്‍ റോഡ് ഷോയും നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam