
തിരുവനന്തപുരം: വര്‍ക്കലയിൽ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണം. അമ്മയുടെ കൈയ്ക്ക് വെട്ടേറ്റു, മകനെ വാൻ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ പ്രതിയടക്കം മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടൂര്‍ സ്വദേശികളായ റംസീന ബീവി, ഇളയ മകൻ ഷംനാദ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി ശിഹാബുദ്ധീനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വസ്തുവിൽ ഉൾപ്പെടുന്ന കടയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തിൽ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
വർക്കല താഴെവെട്ടൂർ ചുമട് താങ്ങി ജംഗ്ഷന് സമീപം ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വെട്ടൂർ സ്വദേശികളായ റംസീന ബീവി , ഇളയമകൻ ബേബി എന്ന് വിളിക്കുന്ന ഷംനാദ്, കുറ്റകൃത്യം ചെയ്ത ശിഹാബുദ്ദീൻ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റംസീന ബീവിയുടെ കൈക്ക് ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശിഹാബുദ്ധീൻ ഓടിച്ച വാനിന്റെ അടിയിൽ പെട്ട ഷംനാദ് അത്യാസന്ന നിലയിലാണ്. ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.
ചുമടുതാങ്ങി ജംഗ്ഷനിൽ റംസീന ബീവിക്കും ശിഹാബുദ്ദീന്റെ സഹോദരിക്കും മൂന്ന് സെന്റ് വീതം വസ്തു ഉണ്ട്. ഇതിൽ റംസീന ബീവിയുടെ വസ്തുവിലുള്ള ഷെഡിൽ പച്ചക്കറി കട പ്രവർത്തിച്ചിരുന്നു. ഇതിന്റെ മുൻഭാഗം റോഡിലേക്ക് തള്ളി നിൽക്കുന്നുവെന്ന് ആരോപിച്ച് തൊട്ടടുത്ത കടയുടമ വർക്കല നഗരസഭയിൽ പരാതി നൽകി. നഗരസഭയുടെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കട റംസീന ബീവി അടക്കുകയും ചെയ്തു.
ഇന്ന് വൈകുന്നേരത്തോടെ ഈ കട മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുക്കുന്ന കാര്യം സംബന്ധിച്ച് റംസീനയും മൂത്ത മകൻ ഉല്ലാസും മറ്റൊരാളുമായി സംസാരിക്കുകയായിരുന്നു. ഈ സമയത്ത് ഇവിടെ മദ്യപിച്ചെത്തിയ ശിഹാബുദീനും റംസീന ബീവിയുമായി തർക്കമുണ്ടായി. തുടർന്ന് റംസീന ബീവിയുടെ മൂത്ത മകൻ ഉല്ലാസും ശിഹാബുദ്ധീനും തമ്മിൽ വാക്കേറ്റമുണ്ടായി.
പിന്നീട് സുഹൃത്തിനെ ഒപ്പം കൂട്ടി ശിഹാബുദ്ധീൻ വാനിൽ റംസീന ബീവിയുടെ വീടിന് മുന്നിലെത്തി. ശിഹാബുദ്ധീനും റംസീനയുടെ മകനുമായി കയ്യേറ്റം ഉണ്ടായി. ഈ സമയത്ത് വാനിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് ശിഹാബുദ്ധീൻ മകനെ വെട്ടാൻ തുനിഞ്ഞു. തടയാൻ ശ്രമിച്ച റംസീനയുടെ കൈക്കാണ് വെട്ടേറ്റത്. സംഭവം അറിഞ്ഞ് ഇളയ മകൻ ഷംനാദ് സ്ഥലത്തെത്തിയപ്പോൾ ശിഹാബുദീനും കൂടെ ഉണ്ടായിരുന്ന സുഹൃത്തും കൂടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവർ സഞ്ചരിച്ച വാനിനെ ബൈക്കിൽ പിന്തുടർന്ന ഷംനാദിനെ ശിഹാബുദ്ദീൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ് വീണ ഷംനാദിനെ കൊലപ്പെടുത്താനായി ശിഹാബുദ്ദീൻ വാൻ പുറകിലേക്ക് എടുത്തു. ഷംനാദിനെ ഇടിച്ച ശേഷം വാൻ റോഡരികത്തെ മതിലിൽ ഇടിച്ചു നിർത്തി.
വാനിന്റെ അടിയിൽ കുടുങ്ങികിടന്ന ഷംനദിനെ നാട്ടുകാരാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷംനാദിനെ പ്രാഥമിക ചികിത്സക്ക് ശേഷം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. റംസീനയുടെ കയ്യിൽ വെട്ടേറ്റ് ഉണ്ടായ മുറിവുകൾ അഴത്തിലുള്ളതാണെന്ന് വിവരം ലഭിച്ചു. കൈയ്യാങ്കളിക്കിടെ ശിഹാബുദ്ധീന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയായ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam