
പത്തനംതിട്ട : പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി നാല് വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിലായി. ചെങ്ങന്നൂർ ആലാ പെണ്ണുക്കര വടക്കുംമുറി പൂമലച്ചാൽ വീട്ടിൽ അനൂപ് കുമാർ (ബോഞ്ചോ - 36) നെയാണ് പ്രത്യേക അന്വേഷണസംഘം അതിസാഹസികമായി പിടികൂടിയത്.
2016 ഫെബ്രുവരി 18നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനിലെ 'രേണു ഓട്ടോ ഫ്യുവൽസ്' ഉടമ എം പി മുരളീധരൻ നായരെയാണ് പ്രതികൾ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പമ്പിൽ പെട്രോൾ അടിക്കാനെത്തിയ പ്രതികൾ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അനൂപ് കുമാർ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ 2022 മെയ് 6ന് 14 ദിവസത്തെ പരോളിന് ഇറങ്ങിയ അനൂപ് പിന്നീട് ഒളിവിൽ പോകുകയായിരുന്നു. ഇയാൾ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഓസ്ട്രിയയിലേക്ക് കടന്നെന്ന പ്രചാരണം നാട്ടിലുണ്ടായിരുന്നു. എന്നാൽ ഇത് പോലീസ് അന്വേഷണത്തെ വഴിതിരിക്കാൻ ബോധപൂർവ്വം സൃഷ്ടിച്ച കഥയാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ വ്യാജ പേരുകളിൽ ഒളിവിൽ കഴിഞ്ഞ പ്രതി, പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ എല്ലാ വിനിമയ ഉപാധികളും ഉപേക്ഷിച്ചു. തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിലും പിന്നീട് ടിഷ്യൂ പേപ്പർ നിർമ്മാണ കമ്പനിയിലും ജോലി ചെയ്തു വരികയായിരുന്നു.
ബംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടെ പന്തളം സ്വദേശിനിയായ നഴ്സുമായി അനൂപ് അടുപ്പത്തിലായി. ഈ യുവതിയുടെ നീക്കങ്ങൾ പോലീസ് മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. അവധിക്ക് നാട്ടിലെത്തിയ യുവതിയെ കാണാൻ അനൂപ് എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. പന്തളത്തെ ആളൊഴിഞ്ഞ കുടുംബവീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ ഇന്ന് പുലർച്ചെ പോലീസ് വളയുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എംകെബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam