
കൽപ്പറ്റ: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും നിർണായക വിവരങ്ങൾ കൃത്യ സമയത്ത് അറിയിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ സഹായിച്ചവരെ വെള്ളമുണ്ട പൊലീസ് ആദരിച്ചു. മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ് കാർഡ്ബോർഡ് പെട്ടിയിലും ബാഗിലുമാക്കി ഒന്നാം പ്രതി കൊണ്ട് പോകാൻ വിളിച്ച ഗുഡ്‌സ് ഓട്ടോയുടെ ഡ്രൈവർ അസം സ്വദേശിയായ ശഹാബുദ്ദീൻ, പൊലീസിന് നിർണായക വിവരങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്ത വെള്ളമുണ്ട സ്വദേശി റഷീദ് എന്നിവരെയാണ് വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ മിനിമോളിന്റെ നേതൃത്വത്തിൽ ആദരിച്ചത്. ഇവരുടെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് തെളിവുകൾ നശിപ്പിക്കുന്നതിന് മുൻപേ തന്നെ പൊലീസിന് വളരെ വേഗം പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
യുപി സ്വദേശിയായ മുഖീബ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി മുഹമ്മദ് ആരീഫ് പൊലീസിനോട് പറഞ്ഞു. വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വെച്ചാണ് മുഹമ്മദ് ആരീഫ് മുഖീബിനെ കൊലപ്പെടുത്തിയത്. ശരീരം രണ്ട് കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിന് ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ഗുഡ്സ് ഓട്ടോ വിളിച്ച് ഒരു സ്യൂട്കേസിലും മറ്റൊരു കാർഡ് ബോർഡിലും ആക്കിയാണ് മൃതദേഹങ്ങള്‍ പാലത്തിന് സമീപം എറിഞ്ഞത്.
ബാഗ് പുറത്തേക്ക് എറിയുന്നത് കണ്ട് ഓട്ടോ ഡ്രൈവർ ശഹാബുദ്ദീന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്നാണ് ബാഗ് എറിഞ്ഞയാളോട് എന്താണ് എറിഞ്ഞതെന്ന് ചോദിച്ചത്. വെള്ളമുണ്ട സ്വദേശിയായ ഓട്ടോയുടെ ഉടമയായ റഷീദിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയുന്നത്.
ശഹാബുദ്ദീൻ ഫോണിലൂടെ പറഞ്ഞ കാര്യം റഷീദ് പൊലീസിനെ അറിയിക്കുകയായിരുന്നു.മൃതദേഹം ഒളിപ്പിച്ച ബാഗ് എറിയുന്നത് കണ്ടുവെന്നും പ്രതി കൊലപാതകത്തെ കുറിച്ചും പറഞ്ഞുവെന്നും ശഹാബുദ്ദീൻ പറഞ്ഞു. ബാഗിൽ മനുഷ്യ ശരീരമാണെന്ന് പറഞ്ഞതോടെ തനിക്ക് പേടിയായെന്നും ശഹാബുദ്ദീൻ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസിന് വളരെ വേഗം പ്രതിയെ പിടികൂടാൻ കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam