
ആലപ്പുഴ: എംഎൽഎയുടെ (MLA) വാഹനത്തിന് നേർക്ക് അടക്കം അപകടമുണ്ടാക്കുന്ന തരത്തിലെത്തി അമിത വേഗത്തിൽ ഓടിയിരുന്ന സ്വകാര്യ ബസിന്റെ (Private Bus) പാച്ചിൽ അവസാനിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാറിൻ്റെ വാഹനത്തിന് അപകടകരമായ രീതിയിൽ ലൈറ്റുകൾ തെളിയിച്ച് ഓടിച്ചു വന്ന സ്വകാര്യ ബസാണ് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറുടെ ലൈസൻസും റദ്ദുചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മാങ്കാംകുഴിയിൽ വെച്ചാണ് സംഭവം.
റോഡിൽ വാഹന തിരക്കുള്ള സമയത്ത് രാവിലെ എട്ടേമുക്കാലോടുകൂടി മലയാലപ്പുഴ-മണ്ണാറശാല റൂട്ടിൽ സർവീസ് നടത്തുന്ന ബട്ടർഫ്ലൈ എന്ന് പേരുള്ള സ്വകാര്യ ബസാണ് അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഓട്ടം നടത്തി കുടുക്കിലായത്. അമിതവേഗം ശ്രദ്ധയിൽ പെട്ട എംഎൽഎ ഉടൻ തന്നെ മാവേലിക്കര ജോയിൻ്റ് ആർടിഒ ഡാനിയൽ സ്റ്റീഫനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അതിവേഗം തന്നെ വാഹനം പിടിച്ചെടുത്ത് നടപടി എടുക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഹരിപ്പാട് വച്ച് വാഹനം പരിശോധിച്ചപ്പോൾ ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചതിന് പെർമിറ്റ് ലംഘനത്തിനുള്ള പിഴ ഈടാക്കുകയും ചെയ്തു. സ്കൂൾ സമയങ്ങളിൽ അമിത വേഗതയിൽ സ്വകാര്യ ബസുകൾ പായുന്നതായും ഈ വിഷയത്തിൽ എത്രയും വേഗത്തിൽ നടപടി എടുക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ജോയിൻ്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ വ്യക്തമാക്കി.
'കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം'; നിര്‍ദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിൽ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി (High Court). ബസുകൾ കാതടപ്പിച്ച് ഹോൺ മുഴക്കുന്നതും വാഹനങ്ങളെ മറികടക്കുന്നതും ഹൈാക്കോടതി തടഞ്ഞു. ഓട്ടോ റിക്ഷകൾക്കും ഉത്തരവ് ബാധകമാണ്. ഹൈക്കോടതി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവിറക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്കും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകി.
പെരുമ്പാവൂര്‍ നഗരത്തിലെ ഓട്ടോറിക്ഷ ഉടമകള്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിയാണ് കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കിയത്. കാതടപ്പിക്കുന്ന ഹോൺ മുഴക്കി വരി നോക്കാതെ തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ ബസുകള്‍ റോഡില്‍ കാണരുതെന്നാണ് കോടതി പറയുന്നത്. നഗര പരിധിയില്‍ ഹോൺ മുഴക്കാൻ പാടില്ലെന്നും മറ്റ് വാഹനങ്ങളെ മറികടക്കാതെ ഇടതു വശം ചേര്‍ന്ന് സ്വകാര്യബസുകള്‍ പോകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. റോഡില്‍ കറങ്ങി നടന്ന് ഇഷ്ടമുള്ള സ്ഥലത്ത് നിന്നും യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കണം. സ്റ്റാന്‍റില്‍ നിന്ന് മാത്രം ഓട്ടം തുടങ്ങണമെന്ന നിര്‍ദ്ദേശം നല്‍കണം. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം വക്തമാക്കി സിറ്റി പൊലീസ് കമ്മീഷണറും മോട്ടോര്‍ വാഹന വകുപ്പും ഉത്തരവിറക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് ജനസംഖ്യാനുപാതമില്ലാതെ പെര്‍മിറ്റ് അനുവദിക്കരുതെന്നും ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പു വരുത്തണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.