
മലപ്പുറം: ഇൻസ്റ്റഗ്രാമിൽ റീച്ചും ലൈക്കും വേണം, അതിനു കണ്ട വഴിയോ ഇരു ചക്ര വാഹനത്തിൽ അഭ്യാസം കാണിക്കുക, വാഹനത്തിന് തിരിച്ചറിയാൻ പോലുമാകാത്ത വിധം രൂപമാറ്റം വരുത്തുക, എന്നിട്ട് റീൽ ആക്കുക. സിനിമാ സ്റ്റൈലിൽ ഷൂട്ടൊക്കെ ചെയ്തു, സംഭവം റീച്ചും ലൈക്കും കിട്ടിയെങ്കിലും ഒപ്പം ഒന്നേക്കാൽ ലക്ഷം രൂപ പിഴയും കിട്ടി. മലപ്പുറം ജില്ലയിലെ ഇൻസ്റ്റഗ്രാം താരങ്ങളടക്കമുള്ളവർക്കാണ് നിയമം ലംഘിച്ച് ബൈക്ക് മോഡിഫിക്കേഷൻ നടത്തിയതിനും അപകടകരമായ വിധം വാഹനം ഓടിച്ചതിനും എട്ടിന്‍റെ പണി കിട്ടിയത്.
തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പൊലീസും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് നിരവധി വാഹനങ്ങൾ പിടിച്ചെടുത്തത്. 1,25,000 രൂപയോളം പിഴ ഈടാക്കിയ പൊലീസ്, ഇൻസ്റ്ര താരങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് വിഡിയോകളും ഒഴിവാക്കിയ ശേഷമാണ് വാഹനങ്ങള്‍ വിട്ടുനല്‍കിയത്.
പിടികൂടിയവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ നസീര്‍ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പ്രമോദ് ശങ്കര്‍, അസൈനാര്‍, വി. വിജീഷ്, ഡിബിന്‍ എടവന, എസ്. ജെസ്സി, അബ്ദുല്‍കരീം ചാലില്‍, ഷൂജ മാട്ടട, മനോഹരന്, സലീഷ് മേലെപാട്ട്, സതീഷ് ശങ്കര്‍, എസ്.ഐമാരായ ഫിറോസ്, മുകുന്ദന്, ബാബു, ക്ലീറ്റസ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam