ഡ്രൈവിംഗിനിടെ കെ സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ ഫോണ്‍വിളി, തടഞ്ഞ് യാത്രക്കാര്‍; നടപടിയെടുത്ത് എംവിഡി

By Web TeamFirst Published Aug 25, 2022, 8:43 PM IST
Highlights

തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേയ്ക്ക് യാത്രക്കാരുമായി പോയ ബസിലെ ഡ്രൈവറാണ് വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചത്.

തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് കെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍. മൊബൈലിൽ സംസാരിച്ച് അപടകരമാം വിധമുള്ള ഡ്രൈവിംഗ് തുടര്‍ന്നതോടെ സംഭവം മോട്ടോർ വാഹന വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്തി യാത്രക്കാരും നാട്ടുകാരും. ഫോണ്‍വിളി ശ്രദ്ധയില്‍പ്പെട്ടതോടെ ബസ് പിടികൂടി ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ്  നടപടിയെടുത്തു. തിരുവനന്തപുരത്താണ് തിരക്കുള്ള റോഡിലൂടെ കെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ചത്. 

തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേയ്ക്ക് യാത്രക്കാരുമായി പോയ ബസിലെ ഡ്രൈവറാണ് വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചത്.  ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫോണ്‍വിളി തുടര്‍ന്നതോടെ ബസ്സിലെ യാത്രക്കാർ മോട്ടോര്‍ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ബസ് വെഞ്ഞാറമൂടിന് സമീപം തൈക്കാട് എത്തുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുന്നത് നാട്ടുകാരിൽ ചിലർ വീഡിയോ എടുത്തിരുന്നു. 

ആളുകള്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ പെട്ടെന്ന് ഫോൺ മാറ്റി വയ്ക്കുകയും കൈകൊണ്ട് ആംഗ്യം കാണിച്ച് കടന്നു പോവുകയും ചെയ്തു. ഇത് കണ്ട പ്രദേശവാസികളും മോട്ടോർ വാഹന വകുപ്പിനെ വിവരം അറിയിച്ചു. ആ സമയത്ത് കാരേറ്റ് ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ബസ് വരുന്നത് കാത്തിരുന്ന് തടയുകയായിരുന്നു. ബസ് തടഞ്ഞ് ഡ്രൈവറില്‍ നിന്നും യാത്രക്കാരില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കുകയും വീഡിയോ പരിശോധിക്കുകയും ചെയ്തു. പരാതിയില്‍ കാര്യമുണ്ടെന്ന് കണ്ടെത്തിയതോടെ ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ. കരൺ വ്യക്തമാക്കി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിക്ക് ശുപാർശ ചെയ്തതായി അദ്ദേഹം അറിയിച്ചു. 

Read More : നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് കയറി; മത്സ്യവ്യാപാരിയുടെ അപകടമരണത്തിൽ നടുങ്ങി മുഹമ്മ ഗ്രാമം

tags
click me!