
തൃശൂര്‍: യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തി. നെന്മാറ അയിലൂര്‍ സ്വദേശിനി സന്ധ്യ പഴയന്നൂരിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. സംഭവത്തില്‍ ദുരൂഹത ആരോപിച്ചാണ് യുവതിയുടെ കുടുംബാംഗങ്ങള്‍ പഴയന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
തിരുവില്വാമല മടപ്പുള്ളിപ്പടി രഘുനാഥന്റെ ഭാര്യ സന്ധ്യ (29) യെയാണ് തിരുവോണ ദിനത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെന്മാറ അയിലൂര്‍ നായ്ക്കര്‍പാടം ചന്ദ്രന്റെയും ചന്ദ്രികയുടെയും മകളാണ് സന്ധ്യ. വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായി. സന്ധ്യയ്ക്ക് നേരെ ശാരീരിക, മാനസിക, ഗാര്‍ഹിക പീഡനം നിരന്തരം ഉണ്ടായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
എന്നാല്‍ മരണ വിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ പറയുന്നത് ഇത് തൂങ്ങിമരണമല്ല എന്നാണ്. കൈമുട്ടുകള്‍ക്ക് താഴെ പാടുകള്‍ കണ്ടു. കൈയില്‍ ചുവന്ന പാടുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. ഭര്‍ത്താവ്, ഭര്‍തൃ മാതാവ്, സഹോദരന്‍ എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ ബന്ധുക്കള്‍ കുറ്റം ആരോപിക്കുന്നത്.
സ്കൂൾ വിട്ട് വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി
സന്ധ്യ ഒരിക്കലും തൂങ്ങിമരിക്കില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മൂന്ന് വയസുള്ള കുട്ടിക്ക് പാല് കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് മരിച്ചത് എന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ എസ് പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 43 ദിവസം പിന്നിട്ടിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം ആര്‍ ഡി ഒ തലത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയതാണെന്ന് പഴയന്നൂര്‍ പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തൂങ്ങിമരണം ആണെന്നും പൊലീസ് പറഞ്ഞു. ഗാര്‍ഹിക പീഡനമെന്ന പരാതി സന്ധ്യയുടെ ഭര്‍ത്താവ് രഘുനാഥനെതിരെ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam