
അമ്പലപ്പുഴ: പാല്‍പ്പായസത്തിന്റെ മാധുര്യവുമായി ആചാരപ്പെരുമയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നാടകശാല സദ്യ നടന്നു.ഒന്‍പതാം ഉത്സവദിവസമായ ഇന്ന് നടന്ന നാടകശാല സദ്യയില്‍ പങ്കെടുക്കാനും ഉത്സവച്ചടങ്ങുകൾ കണ്ട് സായൂജ്യമടയാനും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് കൊടും ചൂടിനെ അവഗണിച്ചും ഉണ്ണിക്കണ്ണന്റെ തിരുസന്നിധിയിലെത്തിയത്.
ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ആചാര പെരുമകളോടെ സദ്യ വിളമ്പിത്തുടങ്ങിയത്. നാടകശാലയില്‍ 501 തൂശനിലകളിലായി 41 വിഭവങ്ങളാണ് വിളമ്പിയത്. നാടകശാല സദ്യയില്‍ പങ്കെടുത്ത് പുണ്യം നേടാനായി പുലര്‍ച്ചെ നാലു മുതല്‍ തന്നെ ഭക്തരുടെ വലിയ തിരക്കായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ: ആര്‍.അനന്തഗോപന്‍ ആദ്യ ഇലയില്‍ ചോറ് വിളമ്പി ഉദ്ഘാടനം നിര്‍വഹിച്ചു.
സദ്യ ഉണ്ട് കഴിഞ്ഞ ഭക്തര്‍ വഞ്ചിപ്പാട്ട് പാടി താളത്തിനൊത്ത് ചുവട് വെച്ച് ഊണുകഴിച്ച ഇല വലിച്ചെറിഞ്ഞു. തുടര്‍ന്ന് പടിഞ്ഞാറെ നടയിലുണ്ടായിരുന്ന പുത്തന്‍ കുളം ഭാഗത്തേക്ക് നടന്നു. വഞ്ചിപ്പാട്ട് പാടി താളത്തോടൊപ്പം ചുവട് വെച്ച് തിരികെയെത്തുന്ന ഭക്തരെ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണും അമ്പലപ്പുഴ പൊലീസ് സംഘവും പഴക്കുലയും പണക്കിഴിയും നല്കി സ്വീകരിച്ചു. കിഴക്കേ നടയിലുളള ക്ഷേത്രക്കുളത്തില്‍ കുളിച്ച് കയറി നടയിലെത്തി തൊഴുത് ഭക്തര്‍ മടങ്ങുന്നതോടെ നാടകശാല സദ്യ ചടങ്ങുകള്‍ ഐതിഹ്യം പൂര്‍ത്തിയായി.