
വയനാട്: ദേശീയപാത 766 പകല്‍ അടച്ചാലും മേഖലയിലെ വന്യജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധാഭിപ്രായം. വയനാട് കൊല്ലഗല്‍ ദേശീയപാത വഴി കടന്നുപോകേണ്ട വാഹനങ്ങളടക്കം കുട്ട ഗോണിക്കുപ്പ സംസ്ഥാനപാതവഴി പോകുന്ന സാഹചര്യമുണ്ടായാല്‍ ആ പ്രദേശത്തെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്ന് വിദഗ്ധർ പറയുന്നു. രാത്രിയാത്ര നിരോധനം നീക്കുന്നത് അപകടകരമായ തീരുമാനമായിരിക്കുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതമായിമാറിയ ബന്ദിപ്പൂർ ദേശീയോദ്യാനത്തിന് കുറുകെ കടന്നുപോകുന്ന ദേശീയപാത 766 പൂർണമായും അടച്ച്, അതുവഴിയുള്ള ഗതാഗതം കുട്ട ഗോണിക്കുപ്പ സംസ്ഥാന പാതയിലൂടെയാക്കുന്നതിനെ കുറിച്ചാണ് സുപ്രീംകോടതി കഴിഞ്ഞ ആഗസ്റ്റില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായമാരാഞ്ഞത്. വയനാട് വന്യജീവി സങ്കേതത്തിലൂടെ 13 കിലോമീറററോളം നീളത്തില്‍ കടന്നുപോകുന്നതാണ് കുട്ട ഗോണിക്കുപ്പ സംസ്ഥാനപാത.
ദേശീയ പാത 766ല്‍ പകല്‍കൂടി നിരോധനം വന്നാല്‍ ഈ പാതയിലൂടെയുള്ള ഗതാഗതം ഇരട്ടിയലധികമായി വർധിക്കും. രാത്രിയാത്ര നിരോധനം നിലവില്‍വന്നതിന് ശേഷം കുട്ട ഗോണിക്കുപ്പ പാതയിലെ ഗതാഗതത്തെപ്പറ്റി നടത്തിയ പഠനത്തില്‍ 8 മാസത്തിനിടെ മാത്രം 2426 ജീവികള്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടെന്ന് വ്യക്തമായിരുന്നു. ചുരുക്കത്തില്‍ ദേശീയപാത 766ല്‍ പകല്‍കൂടി ഗതാഗത നിയന്ത്രണം വന്നാല്‍ നീലഗിരി ജൈവമണ്ഡലത്തിനുതന്നെ ഭീഷണിയാകും.
അതേസമയം ദേശീയപാത 766 ലെ നിയന്ത്രണങ്ങള്‍ക്കെതിരെ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം 12 ദിവസങ്ങള്‍ നീണ്ടുനിന്നിരുന്നു. ഒക്ടോബര്‍ 18 നാണ് ഇനി രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam