
കോഴിക്കോട്: താപനില ക്രമാതീതമായി ഉയരുന്നതിനിടെ തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തിയ ലേബര്‍ കമ്മീഷണറുടെ ഉത്തരവ് പാലിക്കാതെ കോഴിക്കോട് ജില്ലയിലെ ആറുവരിപ്പാത നിര്‍മാണം. ജില്ലയില്‍ ദേശീയ പാത ആറ് വരിയാക്കല്‍ പ്രവൃത്തി നടക്കുന്ന മിക്കയിടങ്ങളിലും കത്തുന്ന വെയിലില്‍ വിശ്രമമില്ലാതെ തൊഴിലാളികള്‍ ജോലി ചെയ്യുകയാണ്. ഇതില്‍ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്.
സൂര്യാഘാത സാധ്യത കണക്കിലെടുത്ത് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയത്ത് ജോലി എട്ട് മണിക്കൂറായി ക്രമീകരിച്ചിരുന്നു. പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമവേളയായിരിക്കും എന്നും ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമായിരുന്നു ക്രമീകരണം. എന്നാല്‍ ഇതെല്ലാം ഇവിടെ ലംഘിക്കപ്പെടുകയാണ്. ഒരു മണിക്ക് പോലും തൊഴിലാളികള്‍ ടാറിങ്ങ് ചെയ്യുകയും കോണ്‍ക്രീറ്റ് ബീം നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലും ജോലിയെടുക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കാതെയാണ് ഇവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്.
ലേബര്‍ കമ്മീഷണര്‍ ഡോ. കെ. വാസുകി ഇറക്കിയ ഉത്തരവില്‍ കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് സൂചിപ്പിച്ചിരുന്നു. ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ദൈനംദിന പരിശോധന നടത്തുമെന്നും ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇതെല്ലാം ദേശീയ പാത നിര്‍മാണ പ്രവൃത്തിയില്‍ ലംഘിക്കപ്പെടുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam