ലോക്ക് ഡൗൺ: ഇടപെട്ട് മുഖ്യമന്ത്രി; ഒടുവിൽ 'ജീവൻരക്ഷാ ഔഷധ'വുമായി ഷൈനും രാജനും എത്തി

Web Desk   | Asianet News
Published : Apr 05, 2020, 04:41 PM IST
ലോക്ക് ഡൗൺ: ഇടപെട്ട് മുഖ്യമന്ത്രി; ഒടുവിൽ 'ജീവൻരക്ഷാ ഔഷധ'വുമായി ഷൈനും രാജനും എത്തി

Synopsis

വളരെ വിലകൂടിയ രണ്ടു മരുന്നുകളും ആലപ്പുഴയിൽ ലഭ്യമായിരുന്നില്ല. ഒന്ന് കോഴിക്കോട് ലഭ്യമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മരുന്ന് അവിടെ നിന്ന് ഫ്ലൈയിംങ് സ്ക്വാഡിന്റെ സഹായത്തോടെ പൊലീസ് ഉടനെ ഇവിടെ എത്തിച്ചു. എന്നാൽ രണ്ടാമത്തെ മരുന്ന് ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവരേണ്ട സാഹചര്യമുണ്ടായി.

ആലപ്പുഴ: മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടലും രണ്ടുപേരുടെ ത്യാഗ സന്നദ്ധതയും സർക്കാർ സംവിധാനങ്ങളുടെ ഇടപെടലും ഒത്തുചേർന്നപ്പോൾ അത്യാസന്ന നിലയിലുള്ള ആലപ്പുഴയിലെ രോഗിക്ക് ജീവൻരക്ഷാ ഔഷധം എത്തിക്കാനായി. ലോക്ക് ഡൗണിൽ രാജ്യം സ്തംഭിച്ചിരിക്കുമ്പോൾ ബാംഗ്ലൂരിൽ നിന്ന് ജീവൻരക്ഷാ ഔഷധം മണിക്കൂറുകൾകൊണ്ടാണ് എത്തിച്ചുനൽകിയത്. 

അത്യാസന്ന നിലയിലുള്ള രോഗിക്ക് ജീവൻ നിലനിർത്തുന്നതിനാവശ്യമായ രണ്ടു മരുന്നുകൾ ലഭ്യമാക്കാൻ ലോക്ക് ഡൗൺ മൂലം കഴിയുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യവകുപ്പിന് വേണ്ട നടപടി അടിയന്തിരമായി കൈക്കൊള്ളാൻ നിർദ്ദേശം നൽകി. ഇതോടെ സർക്കാരിൻ്റെയും ജില്ല ഭരണകൂടത്തിൻ്റെയും സഹായത്തോടെ മരുന്ന് എത്തിക്കാനുള്ള നടപടികൾ അതിവേഗം ആരംഭിച്ചു. 

വളരെ വിലകൂടിയ രണ്ടു മരുന്നുകളും ആലപ്പുഴയിൽ ലഭ്യമായിരുന്നില്ല. ഒന്ന് കോഴിക്കോട് ലഭ്യമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മരുന്ന് അവിടെ നിന്ന് ഫ്ലൈയിംങ് സ്ക്വാഡിന്റെ സഹായത്തോടെ പൊലീസ് ഉടനെ ഇവിടെ എത്തിച്ചു. എന്നാൽ രണ്ടാമത്തെ മരുന്ന് ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവരേണ്ട സാഹചര്യമുണ്ടായി. 

ഇതിനായി പണം മുൻകൂറായി ബാഗ്ലൂരിലെ ഫാർമസിയിൽ അടച്ചതിൻ്റെ രസീത്, ഡോക്ടറുടെ മരുന്ന് കുറിപ്പടി, പൊലീസിൻ്റെ റിക്വസ്റ്റ് എന്നിവ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി. ജി. ലാൽജി, ഡി. എം. ഓ എന്നിവർ തയ്യാറാക്കി ബാംഗ്ലൂർ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടു. 

അവിടെ ജോലിയിൽ ഉള്ള രണ്ടു മലയാളികൾ മരുന്നുമായി വരുന്നതിനു സന്നദ്ധത പ്രകടിപ്പിച്ചു. മാവേലിക്കരയിൽ നിന്നുള്ള രാജൻ പി. വർഗ്ഗീസ്, പത്തനംതിട്ട സ്വദേശിയായ ഷൈൻ ഡാനിയേൽ എന്നിവരാണ് ജീവൻ നിലനിർത്താനുള്ള ഔഷധവുമായി സ്വന്തം കാറിൽ വരാമെന്ന് അറിയിച്ചത്. രണ്ടുപേരും ബാംഗ്ലൂരിലാണ് ഇപ്പോൾ താമസം. ലോക്ക് ഡൗണും വഴിനീളെ തടസ്സങ്ങളും ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ജീവൻരക്ഷാ ഔഷധമായതിനാൽ എങ്ങനെയെങ്കിലും എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. 

മരുന്ന് ബാംഗ്ലൂരിൽ നിന്ന് വാങ്ങി നാലാം തീയതി രാവിലെ ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഇവർ യാത്ര പുറപ്പെട്ടു എങ്കിലും തുടക്കത്തിൽ തന്നെ തടസ്സങ്ങളും തുടങ്ങി. യാത്രയ്ക്കുള്ള കർണാടക പൊലീസിൻ്റ അനുമതിക്കായി മൂന്നു നാലു മണിക്കൂറോളം പല ഓഫീസുകൾ കയറിയിറങ്ങി. അവിടെ പരമാവധി സൗകര്യങ്ങൾ കഴിയാവുന്ന വിധം അവർ ചെയ്തു നൽകിയതായി രാജൻ പറഞ്ഞു. 

തുടർന്ന് നിരവധി ചെക്ക് പോസ്റ്റുകളും പരിശോധനകളും കടക്കേണ്ടിവന്നു. പലപ്പോഴും പൊലീസ് തിരിച്ചയയ്ക്കുക കൂടി ഉണ്ടായി. തുടർന്ന് മുത്തങ്ങയിൽ എത്തിയപ്പോൾ വയനാട് കളക്ടറുടെ അനുമതിയും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ആവശ്യപ്പെട്ടു. തുടർന്ന് ആലപ്പുഴ ജില്ല കളക്ടർ വയനാട് കളക്ടറുമായി ബന്ധപ്പെടുകയും റവന്യൂ ഉദ്യോഗസ്ഥരെ അങ്ങോട്ടേക്ക് അയയ്ക്കുകയും ചെയ്തു. 

ഇതിനിടെ പലയിടങ്ങളിലും ആലപ്പുുഴ പൊലീസ് നേരിട്ട് വിളിച്ച് സംസാരിക്കുകയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു. ഇന്ന് രാവിലെ 8.30 ന് രാജനും ഷൈനും മരുന്നുമായി ആലപ്പുഴയിൽ എത്തി. മരുന്ന് പൊലീസിന് കൈമാറി. രാജൻ കർണാടകയിൽ പ്രമുഖ ഇൻഷൂറൻസ് കമ്പനിയിലെ അസിസ്റ്റൻറ് വൈസ് പ്രസിഡൻ്റാണ്. ഷൈൻ കർണാടകയിൽ നഴ്സിങ് കോളേജ് നടത്തുന്നു. ഭക്ഷണം പോലും കിട്ടാതെയാണ് ബന്ദിപ്പൂർ വനാന്തരത്തിലൂടെ പ്രതിസന്ധികളെ അവഗണിച്ച് ഇവർ യാത്രചെയ്തത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി