കുഴല്‍ കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കാനുള്ള പദ്ധതിയുമായി നെടുങ്കണ്ടം സ്വദേശി

By Web TeamFirst Published Jul 18, 2021, 12:52 PM IST
Highlights

കുഴല്‍ കിണറില്‍ കുട്ടി കിടക്കുന്നതിന് അനുസരിച്ച്, രക്ഷാ പ്രവര്‍ത്തനത്തിനായി നാല് മാര്‍ഗങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 

ഇടുക്കി: കുഴല്‍ കിണറില്‍ കുട്ടികള്‍ അകപെട്ടാല്‍, രക്ഷപെടുത്തുന്നതിന് മാര്‍ഗങ്ങളുമായി നെടുങ്കണ്ടം സ്വദേശി ചാള്‍സ്. വിവിധ രീതികള്‍ സംബന്ധിയ്ക്കുന രൂപ രേഖ തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിച്ചു. തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടി ലഭിച്ചിരിക്കുന്നതിനാല്‍ പദ്ധതി, ഉടന്‍ യാഥാര്‍ത്ഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് ചാള്‍സ്. 

കുഴല്‍ കിണറുകളില്‍, കുട്ടികള്‍ അകപെട്ടാല്‍, രക്ഷാ പ്രവര്‍ത്തനത്തിന് കൃത്യമായ മാര്‍ഗങ്ങള്‍ ഇല്ല. പല സംഭവങ്ങളിലും ദിവസങ്ങളോളം രക്ഷാ പ്രവര്‍ത്തനം നീളാറുണ്ട്. പലപ്പോഴും അപകടത്തില്‍പെട്ട കുട്ടി മരണപെടുകയും ചെയ്യുന്നു. തമിഴ്‌നാട്ടില്‍ നടന്ന അപകടത്തിന്റെ, രക്ഷാ പ്രവര്‍ത്തനം, വാര്‍ത്തകളില്‍ കണ്ടതോടെയാണ് നെടുങ്കണ്ടം മൈനര്‍ സിറ്റി സ്വദേശിയായ വെട്ടിക്കുഴിചാലില്‍ ചാള്‍സ്, രക്ഷാപ്രവര്‍ത്തനത്തിനായി വിവിധ രൂപരേഖകള്‍ തയ്യാറാക്കിയത്.

കുഴല്‍ കിണറില്‍ കുട്ടി കിടക്കുന്നതിന് അനുസരിച്ച്, രക്ഷാ പ്രവര്‍ത്തനത്തിനായി നാല് മാര്‍ഗങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വിവിധ രീതികളില്‍ റബര്‍ ട്യൂബുകളുടെയും പ്രത്യേക യന്ത്രത്തിന്റെയും സഹായത്തോടെ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിയ്ക്കാനാവുമെന്നാണ് ചാള്‍സ് പറയുന്നത്.

തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിച്ച, അപേക്ഷയില്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റും തിരുച്ചി കളക്ടറേറ്റും, മറുപടി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാവുന്നതോടെ ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നാണ് ലഭിച്ചിരിക്കുന്ന മറുപടി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ വൈദഗദ്ധ്യമുള്ള ചാള്‍സ്, ടെക്സ്റ്റയില്‍- എഞ്ചിനീയറിംഗ് മേഖലയിലാണ് മുന്‍പ് ജോലി നോക്കിയിരുന്നത്.

click me!