
കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. പൊലീസ് ജീവനക്കാരുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് നടത്തി.
അതേസമയം ആശുപത്രിയിൽ അക്രമം നടത്തിയ പ്രതികളുടെ ലക്ഷ്യം നഴ്‌സ് ആയിരുന്നുവെന്ന് ഡ്യൂട്ടിയുലുണ്ടായിരുന്ന ഡോ ഉണ്ണികൃഷ്ണൻ. സംഭവത്തിൽ ഉണ്ണിക്കൃഷ്ണനും പരിക്കേറ്റിരുന്നു. തന്നെ തള്ളി മാറ്റി നഴ്‌സിനെ കമ്പി വടി ഉപയോഗിച്ച് അടിക്കാൻ പ്രതികൾ ശ്രമിച്ചെന്ന് ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതികൾ കസേര എടുത്തെറിഞ്ഞു. താൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ നഴ്‌സിന് വലിയ പരിക്കേൽക്കുമായിരുന്നു. പ്രതികൾ മദ്യപിച്ചുണ്ടായിരുന്നുവെന്നും ഡോ ഉണ്ണികൃഷ്ണൻ പറഞ്ഞു.
സംഭവത്തിൽ പൊലീസിന് വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാർ വി എസ് പറഞ്ഞു. ആശുപത്രിയിൽ ആക്രമണം ഉണ്ടായെന്ന വിവരം ലഭിച്ച ഉടൻ പൊലീസ് സംഘം ഇവിടെയെത്തി. 19ന് ഉണ്ടായ തർക്കത്തിൽ ലഭിച്ച പരാതിയെ തുടർന്ന് പ്രതികളെ അന്വേഷിച്ച് കഴിഞ്ഞ ദിവസം പൊലീസ് സംഘം ഇവരുടെ വീടുകളിൽ പോയിരുന്നുവെന്നും ഇതിന്റെ പ്രതികാരമാണ് ഇന്നലെ ഉണ്ടായ അക്രമമെന്നും എസിപി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam