
വയനാട്: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തിൽ ബന്ധുവായ അയൽക്കാരൻ അറസ്റ്റിൽ. മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിനി സിനിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിനിയുടെ ഭർത്താവ് ബൈജുവിന്റെ മാതൃ സഹോദരനും അയൽ വാസിയുമായ ദേവസ്യയെയാണ് തലപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയ സിനി ഇടയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് പോയി മടങ്ങി വന്നില്ല, തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടിനകത്ത് വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. ഉടനെ മാനന്തവാടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രശാന്തഗിരി മടത്താശേരി ബൈജുവിന്‍റെ ഭാര്യയാണ് സിനി, ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
അതിർത്തി തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam