
തിരുവനന്തപുരം: കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹ സത്ക്കാരത്തിനിടെ കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച സ്ത്രീയെ നേമം പൊലിസ് പിടികൂടി. കരമന കീഴാറന്നൂർ സ്വദേശി ഗിരിജ 59 ആണ് പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇവർ എന്ന് പൊലിസ് പറഞ്ഞു. ഇക്കഴിഞ്ഞ 29 നായിരുന്നു കാരയ്ക്കാമണ്ഡപത്തിന് സമീപമുള്ള വിവാഹ സത്ക്കാര വേദിയിലെത്തി ഇവർ രണ്ട് കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച് കടന്നത്.
പരാതി കിട്ടിയതോടെ പാദസ്വരം നഷ്ടപ്പെട്ട കേസിൽ അന്വേഷണം തുടങ്ങിയ നേമം പൊലീസ്, വിവാഹ സത്ക്കാര വേദിയിലെയടക്കം സി സി ടി വി പരിശോധിച്ചപ്പോൾ ഇവർ മോഷണം നടത്തുന്ന ദൃശ്യങ്ങളടക്കം ലഭ്യമായി. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇവർ ഒരു ഭാഗത്ത് പതുങ്ങി നിൽക്കുന്നതും പിന്നീട് മോഷണം നടത്തി മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പിന്നാലെ മറ്റ് ദൃശ്യങ്ങളും ഇവർ സഞ്ചരിച്ച കെ എസ് ആർ ടി സി ബസുമടക്കം പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. ചോദ്യം ചെയ്തപ്പോൾ മറ്റൊരു പാദസ്വരവും ഇവർ മോഷ്ടിച്ചതായി സമ്മതിച്ചു.
മോഷണ ശേഷം നഗരത്തിലെ ജ്വല്ലറിയിൽ വില്പന നടത്തിയ മോഷണ ഉരുപ്പടികൾ പ്രതിയുമായി ചെന്ന് പൊലീസ് കണ്ടെടുത്തു. മുക്കാൽ പവന്‍റെയും അര പവന്‍റെയും പാദസരങ്ങളും ആണ് ഇവർ കവർന്നത്. ഇവരുടെ പേരിൽ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. നേമം ഇൻസ്പെക്ടർ ഓഫ് പൊലീസ് രഗീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രജീഷ് ഉൾപ്പടെയുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam