
പത്തനംതിട്ട: തിരുവോണ നാളിൽ പത്തനംതിട്ട അമ്മത്തൊട്ടിലിൽ പുതിയ അതിഥി. വിവിധ ജില്ലകളിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ച ശേഷം ഇതാദ്യമായാണ് തിരുവോണ നാളിൽ സർക്കാരിൻ്റെ സംരക്ഷണയ്ക്കായി ഒരു കുരുന്ന് എത്തുന്നത്. ഞായറാഴ്ച പുലർച്ചെ 6.25 നാണ് പത്തനംതിട്ട ജില്ലാ ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ 2.835 കിഗ്രാം ഭാരവും പത്ത് ദിവസം മാത്രം പ്രായവും തോന്നിക്കുന്ന ആൺ കുട്ടി എത്തിയത്.
2009-ൽ പത്തനംതിട്ടയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 20-ാമത്തെ കുരുന്നും വനിതാ ശിശു വികസന ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ പ്രദേശിക വികസന ഫണ്ട് വിനിയോഗിച്ച് ഹൈടെക്ക് ആക്കി മാറ്റിയതിനും ശേഷം ലഭിക്കുന്ന മൂന്നാമത്തെ കുരുന്നുമാണ് പുതിയ അതിഥി. തിരുവോണ നാളിൽ പുത്തൻ പ്രതീഷയുടെ നിറങ്ങളുമായി പത്തനംതിട്ട അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് 'സിതാർ' എന്നാണ് പേരിട്ടത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കാസർഗോഡ് (ഒന്ന്), തിരുവനന്തപുരം (ഒന്ന്), പത്തനംതിട്ട (ഒന്ന്) എന്നിങ്ങനെ മൂന്ന് കുരുന്നുകളാണ് സമിതി വിവിധ ജില്ലകളിൽ സ്ഥാപിച്ച അമ്മതൊട്ടിലുകൾ മുഖേന ദത്തെടുക്കൽ കേന്ദ്രങ്ങളിലെത്തിയത്. സിതാർ എന്ന കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുഞ്ഞിന് അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജനറൽ സെക്രട്ടറി ജി. എൽ. അരുൺ ഗോപി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam