
ഇടുക്കി: ജില്ലയിലെ മുപ്പത്തിയൊന്നാമത് പൊലീസ് സ്റ്റേഷൻ ഉടുമ്പൻചോലയിൽ പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഇതേ സ്റ്റേഷനിൽ 1973ൽ തടവുകാരനായി കഴിയേണ്ടി വന്നതിന്റെ ഓർമ്മകൾ പങ്കുവെച്ചായിരുന്നു മന്ത്രി എം എം മണിയുടെ അധ്യക്ഷ പ്രസംഗം.
പണ്ട് ഉടുമ്പൻചോലയിലായിരുന്നു പൊലീസ് സ്റ്റേഷനും കോടതിയും പ്രവർത്തിച്ചിരുന്നത്. ഇതിന് ശേഷം 1984ൽ പൊലീസ് സ്റ്റേഷൻ ശാന്തമ്പാറയിലേക്കും കോടതി നെടുങ്കണ്ടത്തേയ്ക്കും മാറ്റുകയായിരുന്നു. എന്നാൽ, തോട്ടം മേഖലയായിരുന്ന ഉടുമ്പൻ ചോലയിൽ അടക്കം കുറ്റകൃത്യങ്ങൾ വളർന്ന് വന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് ജില്ലയില്‍ നിന്നുള്ള മന്ത്രിയായ എം എം മണി ഇടപെട്ട് ഉടുമ്പൻചോല പോലീസ് സ്റ്റേഷൻ തിരികെ കൊണ്ടു വന്നത്.
2018-19 സംസ്ഥാന ബജറ്റിലാണ് ഉടുമ്പൻചോലയിൽ പൊലീസ് സ്റ്റേഷൻ അനുവദിക്കുന്നത്. മന്ത്രി എം എം മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു.
1973ൽ വെങ്കലപ്പാറ എസ്റ്റേറ്റിൽ നടന്ന തൊഴിലാളി സമരത്തിന്റെ ഭാഗമായി തോട്ടം ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചതിന്റെ ഓർമ്മകൾ പങ്കുവച്ചാണ് മന്ത്രി എം എം മണി അധ്യക്ഷ പ്രസംഗം നടത്തിയത്. എം എം മണി ഉൾപ്പെടെ എട്ട് പുരുഷന്മാരും, എട്ട് സ്ത്രീകളുമടക്കമാണ് അന്ന് തടവിൽ കഴിഞ്ഞത്. ഇതിന് ശേഷം കോടതിയിൽ നിന്ന് ജാമ്യമെടുത്താണ് ഇവർ പുറത്ത് വന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam