orchid : ആനമുടി ഫോറസ്റ്റ് ഡിവിഷനില്‍ പുതിയ തരം ഓര്‍ക്കിഡ് കണ്ടെത്തി

By Web TeamFirst Published Dec 5, 2021, 5:24 PM IST
Highlights

ആനമുടി ഫോറസ്റ്റ് ഡിവിഷനില്‍ പുതിയ തരം ഓര്‍ക്കിഡ് കണ്ടെത്തി. ഇടമലക്കുടി പഞ്ചായത്തിലെ നൂറടികൂടിയിലെ വനമേഖലയില്‍ നിന്നാണ് ബള്‍ബോ ഫിലം കൂടുംബത്തില്‍ പെട്ട ഓര്‍ക്കിഡ് കണ്ടെത്തിയത്

ഇടുക്കി: ആനമുടി ഫോറസ്റ്റ് ഡിവിഷനില്‍ (Anamudi Forest Division) പുതിയ തരം ഓര്‍ക്കിഡ് (new species of orchid)  കണ്ടെത്തി. ഇടമലക്കുടി പഞ്ചായത്തിലെ നൂറടികൂടിയിലെ വനമേഖലയില്‍ നിന്നാണ് ബള്‍ബോ ഫിലം കൂടുംബത്തില്‍ പെട്ട ഓര്‍ക്കിഡ് കണ്ടെത്തിയത്. വലിയ മരങ്ങളില്‍ വള്ളി പോലെ വളരുന്ന ചെടി ആദ്യമായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കനം കുറഞ്ഞ തണ്ടിലെ ബള്‍ബുകളില്‍ ( ഭക്ഷണം സംഭരിച്ചു വയ്ക്കുന്ന സംവിധാനം) നിന്നാണ് ചെടിയുടെ ഇല മുളച്ച് വളരുന്നത്. 

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇതില്‍ പൂവുകള്‍ വിടരും. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല അഞ്ചാംമൈലില്‍ ആരംഭിച്ച ഓര്‍ക്കിഡേറിയത്തിലേക്ക് ഓര്‍ക്കിഡുകള്‍ സംഭരിക്കുന്നതിന്റെ ഭാഗമായി വനമേഖലയില്‍ നടത്തിയ അന്വേഷണത്തിലാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. 

ഓര്‍ക്കിഡേറിയത്തില്‍ സന്ദര്‍ശകർക്കായി പുതിയ ഇനത്തെ വളര്‍ത്തുന്നുണ്ട്. തിരുവനന്തപുരം പാലോടുള്ള ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റുകളുടെ നേതൃത്വത്തില്‍ പുതിയതായി കണ്ടെത്തിയ ഓര്‍ക്കിഡിന് പേരു നല്‍കാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. ഇടമലക്കുടിയിലെ ആദിവാസി ഗോത്രമേഖലയുമായി ബന്ധപ്പെട്ട പേരു നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്വി വിനോദ് , അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നേര്യംപറമ്പില്‍ എന്നിവര്‍ പറഞ്ഞു.

click me!