
കൊച്ചി: വൈദ്യുതി ടവർ സ്ഥാപിക്കാൻ ശാന്തിവനത്തിൽ കെഎസ്ഇബി മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം വീണ്ടും മരത്തൈകൾ നട്ട് ശാന്തിവനം സംരക്ഷണ സമിതി. സ്വകാര്യ വനങ്ങളെയും കാവുകളെയും സംരക്ഷിക്കുന്ന ജൈവ വൈവിദ്ധ്യ നിയമം നടപ്പാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് സ്ഥലമുടമ മീനാ മേനോനും കൂട്ടരും.
രണ്ടര വയസ്സുകാരി വാമികയാണ് ആദ്യ തൈ നട്ടത്. ഈയിടെ അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ ബൈജുവിന്‍റെ ഓർമ്മയ്ക്കായി മൂന്നാം ക്ലാസുകാരൻ റോഹിൻ വെള്ളപ്പൈൻ തൈയും നട്ടു. സമരത്തിൽ സജീവമായിരുന്ന ബൈജു തന്നെ മുളപ്പിച്ച വെള്ളപ്പൈൻ തൈ തന്നെയാണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായി ശാന്തിവനത്തില്‍ നട്ടത്. ടവർ നിൽക്കുന്ന സ്ഥലത്ത് ആദ്യമുണ്ടായിരുന്നതും വെള്ളപ്പൈൻ മരം തന്നെയായിരുന്നു. റമ്പൂട്ടാൻ, ഇലഞ്ഞി, ഞാവൽ, സീതപ്പഴം അങ്ങനെ പലതരം വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ശാന്തിവനം വീണ്ടും പച്ചത്തുരുത്തിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതിന്‍റെ സാധ്യതകളും കൂട്ടായ്മ ആലോചിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടാണ് ഇതിന് തടസ്സമായി നില്‍ക്കുന്നത്. വിവാദങ്ങൾക്കിടെ ശാന്തിവനത്തിലൂടെയുളള വൈദ്യുതി ലൈനില്‍ വൈദ്യുതി പ്രവഹിച്ചു തുടങ്ങി. മന്നത്ത് നിന്ന് ചെറായി വരെയുളള 110 കെവി ലൈനും സബ്സ്റ്റേഷനും മന്ത്രി എം എം മണി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam