
തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി. എസ്പി ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ യുവതി നടത്തിയ വെളിപ്പെടുത്തലിൽ ബാലരാമപുരം പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് ഗിരി എന്ന പൊലീസുകാരൻ തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയത്.
എന്നാൽ, കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പലരേയും സംബന്ധിച്ച് യുവതി ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും ഇത് പലതും അന്വേഷിക്കുമ്പോൾ വ്യക്തയില്ലെന്നും ബാലരാമപുരം പൊലീസ് പറയുന്നു. പണം വാങ്ങിയെന്ന് പലരുടെയും പേരിൽ യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതെല്ലാം അന്വേഷിച്ച് വരികയാണ്. മകളുടെ കൊലപാതകത്തിനു പിന്നാലെ ദേവസ്വം ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയതിന് യുവതിക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു എസ്പി ഒഫീസിലെ പൊലീസുകാരന് താൻ ലക്ഷങ്ങൾ നല്‍കിയെന്നും ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തിയത്. 10 വർഷം മുമ്പുള്ള സംഭവമാണെന്നാണ് യുവതി പറയുന്നത്. പാസ്പോർട്ട് ഓഫീസ് ജീവനക്കാരന് പണം നൽകിയെന്ന് യുവതി ആദ്യം പറഞ്ഞിരുന്നു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ വീണ്ടും പണം എടുത്തതായി കണ്ടു. ഇത് ആർക്ക് കൊടുത്തതാണെന്ന് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുകാരന്‍റെ പേര് പറഞ്ഞത്. പീഡനം സംബന്ധിച്ച് വെളിപ്പെടുത്തിയതോടെയാണ് കഴിഞ്ഞ ദിവസം പൊലീസുകാരനെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ മൊഴികൾ വൈരുധ്യം നിറഞ്ഞതാണെന്നും ഇത് കണക്കിലെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam