
മലപ്പുറം: മുന്‍പ് രണ്ട് സിസേറിയന്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയയായ 25 വയസ്സുള്ള ആദിവാസി യുവതിക്ക് അതീവ ഗുരുതരാവസ്ഥയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സംഘം. വാഹനം ലഭിക്കാത്തതിനാൽ ആശുപത്രിയിലെത്താൻ വൈകിയതിനെ തുടർന്ന് ഗർഭപാത്രം പൊട്ടി കുഞ്ഞ് അമ്മയുടെ വയറിനുള്ളിലെ ആന്തരാവയവങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഗര്‍ഭാശയം പൊട്ടി അപകടകരമായ അവസ്ഥയിലായിരുന്ന അമ്മയുടെയും നവജാത ശിശുവിന്റെയും ജീവന്‍ വിവിധ വിഭാഗങ്ങളുടെ അതിവേഗവും ഏകോപിതവുമായ ഇടപെടലിലൂടെ വിജയകരമായി രക്ഷപ്പെടുത്തി ഡോക്ടർമാർ.
യാതൊരുവിധ ഗര്‍ഭകാല പരിശോധനകളും നടത്താതെയും മുന്‍കാല ചികിത്സാ രേഖകളൊന്നും കൈവശമില്ലാതെയുമാണ് യുവതി അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭാശയം പൊട്ടി കുഞ്ഞ് വയറിനുള്ളിലായതായി കണ്ടെത്തിയത്. തെല്ലും സമയം പാഴാക്കാതെ മെഡിക്കല്‍ സംഘം യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ നവജാത ശിശുവിനെ ജീവനോടെ പുറത്തെടുത്തു. കുഞ്ഞിന് പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഐ.എം.സി.എച്ച് -ലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നിലവില്‍ അമ്മയുടെ ആരോഗ്യനില തൃപ്തികരമായി മെച്ചപ്പെട്ടുവരുന്നുണ്ട്.
ജീവന്‍ തന്നെ ഭീഷണിയിലാകുന്ന ഇത്തരത്തിലുള്ള പ്രസവ അടിയന്തരാവസ്ഥകളില്‍ വിവിധ വിഭാഗങ്ങളുടെ കൃത്യമായ ഏകോപനവും അതിവേഗ തീരുമാനങ്ങളുമാണ് ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമായത്. ഈ ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ ഡോക്ടര്‍മാര്‍, നഴ്‌സിംഗ് ജീവനക്കാര്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടീം എന്നിവരുടെ ആത്മാര്‍ത്ഥ സേവനമാണ് ഈ വലിയ വിജയത്തിന് പിന്നിലെന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam