നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാത വയനാട്ടില്‍ വീണ്ടും ചര്‍ച്ചയാവുന്നു

By Web TeamFirst Published Apr 13, 2019, 9:40 AM IST
Highlights

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ പദ്ധതി നടപ്പാക്കുമെന്നാണ് യുഡിഎഫിന്റെ വാഗ്ദാനം. അതേസമയം കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് പദ്ധതി എന്ത് കൊണ്ട് നടപ്പായില്ലെന്ന് വിശദീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു.

കല്‍പറ്റ: വയനാട്ടുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് നിലമ്പൂര്‍- നഞ്ചൻഗോഡ് റെയില്‍പ്പാത. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ പദ്ധതി നടപ്പാക്കുമെന്നാണ് യുഡിഎഫിന്റെ വാഗ്ദാനം. അതേസമയം കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് പദ്ധതി എന്ത് കൊണ്ട് നടപ്പായില്ലെന്ന് വിശദീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു.

നിലമ്പൂരില്‍ നിന്നും തുടങ്ങി സുല്‍ത്താൻ ബത്തേരി, തമിഴ്നാട്ടിലെ ദേവാല വഴി വനത്തിലൂടെ മൈസൂരിന് സമീപമുള്ള നഞ്ചൻഗോഡ് എത്തുന്നതാണ് പദ്ധതി. ദൂരം 236 കിലോമീറ്റര്‍. 4266 കോടിയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ഉള്‍പ്പെടെ ഈ വഴി ബംഗലൂരുവിലേക്ക് പോയാല്‍ 76 കിലോമീറ്ററാണ് ലാഭം. കേരളവും തമിഴ്നാടും കര്‍ണ്ണാടകവും റെയില്‍വേയും തുക വീതിക്കാമെന്ന് ഏകദേശ ധാരണയിലെത്തിയെങ്കിലും തമിഴ്നാടും കര്‍ണ്ണാടകവും എതിര്‍പ്പുയര്‍ത്തി. 

ഈ രണ്ട് സംസ്ഥാനങ്ങളിലേയും വനപ്രദേശത്തുകൂടി പാത പോകുന്നതിനെതിരേയും എതിര്‍പ്പ് ഉയര്‍ന്നു. ഇതോടെ പദ്ധതി വൈകി. കഴിഞ്ഞ ഉമ്മൻ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കര്‍ണ്ണാടകയെയും തമിഴ്നാടിനെയും അനുനയിപ്പിക്കാൻ സാധിക്കാതെ വന്നതോടെ പദ്ധതി നിലച്ചു. ഇരു മുന്നണികളുടേയും പ്രചാരണ വിഷയങ്ങളിലൊന്നാണ് നിലമ്പൂര്‍- നഞ്ചൻഗഡ് റെയില്‍പ്പാത. ആര് ജയിച്ചാലും മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്ന പദ്ധതി നടപ്പാക്കണമെന്ന അഭ്യര്‍ത്ഥനയാണ് വയനാട്ടുകാര്‍ക്ക്.

click me!