
മറയൂർ: മറയൂര്‍ പാളപ്പെട്ടിയിൽ വനംവകുപ്പ് വാച്ചർക്ക് വരയാടിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വയറിൽ കുത്തേറ്റ പാളപ്പെട്ടി കുടിയിൽ കൃഷ്ണനെ (47) ഉദുമൽപേട്ടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് ആണു സംഭവം. വരയാട്, ആദ്യം വാച്ചർമാരായ ഹരികൃഷ്ണനെയും ശശിയെയും കുത്താനെത്തിയങ്കിലും ഇരുവരും മരത്തിൽക്കയറി രക്ഷപ്പെടുകയായിരുന്നു.
മരത്തിൽ കയറാൻ പറ്റാതെ പോയ കൃഷ്ണനെ വരയാട് കുത്തി. ആദിവാസിക്കുടികളിൽ നിന്നെത്തിയ യുവാക്കളും സ്ത്രീകളും ചേർന്നു കൃഷ്ണനെ ചുമന്ന് വണ്ണാൻ തുറവരെ എത്തിക്കുകയായിരുന്നു. തുടർന്നു വനംവകുപ്പിന്റെ ജീപ്പിലാണു മറയൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. വാച്ചറെ കുത്തിയ വരയാട് അടുത്തയിടെയാണ് ആക്രമണകാരിയായതെന്നു പ്രദേശവാസികൾ പറയുന്നത്. സംഭവത്തില്‍ റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് സമർപ്പിക്കുമെന്ന് ചിന്നാർ വൈൽഡ് ലൈഫ് വാർഡൻ നിതിൻ ലാൽ പറഞ്ഞു.
ഇത് ആദ്യമായല്ല ഇടുക്കിയില്‍ വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. നേരത്ത കാന്തല്ലൂർ റേഞ്ചിൽ വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയില്‍ ഒറ്റയാന്‍റെ ആക്രമണത്തിൽ വാച്ചർക്ക് പരിക്കേറ്റിരുന്നു. പാളപ്പെട്ടി ഗോത്രവർഗ കോളനിയിലെ ശേഖർ ചാപ്‌ളി (47)ക്കാണ് പരിക്കേറ്റത്. പാളപ്പെട്ടി സ്റ്റേഷന് സമീപമുള്ള ഷെഡ്ഡിൽ രാത്രി കാവലിനുശേഷം രാവിലെ വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയ ശേഖര്‍ ഒറ്റയാന്‍റെ മുന്നില്‍പ്പെടുകയായിരുന്നു.
ആനയെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന തുമ്പിക്കൈകൊണ്ട് ശേഖറിനെ അടിച്ച് വീഴ്ത്തുകയായിരുന്നു. നിലവിളിച്ച് വീണ്ടും ഓടാൻ ശ്രമിച്ചപ്പോൾ ഒറ്റയാൻ പിൻവാങ്ങി. തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam