
കൊച്ചി: കൊച്ചി മേയർക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നാളെ. പ്രമേയം പാസാകില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ യുഡിഎഫ്. എന്നാൽ യുഡിഎഫിൽ നിന്ന് വോട്ട് ചോർച്ചയുണ്ടാകുമെന്നാണ് എൽഡിഎഫ് നേതാക്കളുടെ പ്രതീക്ഷ.
കോർപ്പറേഷൻ ഭരണം സമ്പൂർണ പരാജയമെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. നിലവിലെ കക്ഷി നില അനുസരിച്ച് അവിശ്വാസ പ്രമേയം പരാജയപ്പെടാനാണ് സാധ്യത. എന്നാൽ യുഡിഎഫ് പാളയത്തിൽ നിന്ന് തന്നെ പ്രമേയത്തിന് അനുകൂലമായി വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതിപക്ഷ വാദം.
യുഡിഎഫിൽ ഭിന്നത ഇല്ലെന്നും ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തുമെന്നും നേതൃത്വം വ്യക്തമാക്കുന്നു. 74 അംഗ കൗണസിലിൽ 38 പേരാണ് യുഡിഎഫ് പക്ഷത്ത്. പ്രതിപക്ഷമായ എൽഡിഎഫിന് 34 അംഗങ്ങളുടെയും, ബിജെപിക്ക് 2 അംഗങ്ങളുടെയും പിന്തുണയാണുള്ളത്.
നാളെ കൗൺസിൽ യോഗത്തിൽ നിന്നും വിട്ട് നിന്ന് ക്വോറം തികഞ്ഞില്ലെന്ന കാരണം കാട്ടി വോട്ടെടുപ്പ് മാറ്റി വെയ്പ്പിക്കുക എന്ന തന്ത്രമായിരിക്കും യുഡിഎഫ് പയറ്റുക. ബിജെപിയുടെ 2 അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കില്ല എന്നാണ് സൂചന. പരാജയം ഭയന്ന് മനപൂർവ്വം വിട്ടുനിന്നു എന്ന ആരോപണം ഉയർത്തിയാകും യുഡിഎഫ് തന്ത്രത്തെ എൽഡിഎഫ് നേരിടുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam