
തിരുവനന്തപുരം: ജില്ലയിലെ തെക്ക് കിഴക്കന്‍ അതിര്‍ത്തി പഞ്ചായത്തായ കുന്നത്തുകാലില്‍ ഒരാഴ്ചയായി കുടിവെള്ളമില്ല. പഞ്ചായത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയെ മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളാണ് ഉള്ളത്. വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണം തടസപ്പെട്ടതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലായി. പ്രശ്നപരിഹാരത്തിന് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ ജലവിഭ മന്ത്രിയുടെ ഓഫീസിൽ വരെ വിളിക്കുമ്പോള്‍ പരിഹാരത്തിന് പകരം പരിഹാസമാണ് ലഭിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
വെള്ളത്തിന് പകരം പഞ്ചായത്തിലെ ടാപ്പുകളില്‍ വായു പ്രവാഹമാണ്. ഓരാഴ്ചയായി ഇതാണ് പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളിലെ അവസ്ഥ. കുടിക്കാനും മറ്റ് ദൈനംദിന ഉപയോഗങ്ങള്‍ക്കുള്ള വെള്ളത്തിനുമായി കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയിലാണ് ഒരു പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും. നാല് കോടിയോളം രൂപ ചെലവിട്ട് നിർമ്മിച്ച ആധുനിക കുടിവളള സംഭരണിയുണ്ട്. ഇത് കൂടാതെ പിന്നെയും കോടികൾ ചെലവിട്ട ജലവിതരണത്തിനുള്ള പൈപ്പുകളുടെ ശൃംഖലയും ഉണ്ട്. ഇതൊന്നും പോരാഞ്ഞ് ജലജീവൻ പദ്ധതിയിലടക്കം ഉൾപ്പെടുത്തി ഇപ്പോഴും കൂടുതൽ വീടുകളിലേക്ക് കുടിവെള്ള പൈപ്പ് ലൈനുകൾ എത്തിക്കൊണ്ടേയിരിക്കുന്നു. ഇത്രയും വിപുലമായ അടിസ്ഥാന സൗകര്യം ഉണ്ടായിട്ടും വീടുകളില്‍ കുടിവെള്ളം മാത്രം എത്തുന്നില്ല. പകരം സമൃദ്ധമായ വായു പ്രവാഹം മാത്രമാണ്.
പഴമലയാറിലെ പമ്പിങ് സ്റ്റേഷനിലെ മോട്ടോർ തകരാറിലായതാണ് കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണമെന്നാണ് ജലവിഭവവകുപ്പിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഒരാഴ്ചയായിട്ടും ഒരു മോട്ടാര്‍ തകരാര് പരിഹരിക്കാന്‍ കഴിഞ്ഞില്ലേയെന്ന നാട്ടുകാരുടെ മറുചോദ്യത്തിന് മാത്രം ഉത്തരമില്ല. ഓരോ ദിവസം വിളിക്കുമ്പോഴും ഇപ്പോ ശരിയാക്കും ശരിയായി തുടങ്ങിയ മറുപടികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന ജനങ്ങള്‍ പറയുന്നു. പക്ഷേ ആഴ്ത ഒന്ന് കഴിഞ്ഞിട്ടും പൈപ്പുകളില്‍ ഇതുവരെ വെള്ളം മാത്രം വന്നില്ല. ക്രിസ്മസ് അവധികഴിഞ്ഞ് സ്കൂൾ തുറക്കും മുമ്പെങ്കിലും കുടിവെള്ളം കിട്ടാൻ സർക്കാരിന്‍റെ കനിവ് തേടുകയാണ് ഒരു ഗ്രാമം.