
കൊല്ലം: പടപ്പക്കരയിൽ അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ ശ്രീനഗറിൽ നിന്ന് കേരളത്തിൽ എത്തിച്ചു. അഖിലിന് കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിനും മാധ്യമങ്ങൾക്കും മുന്നിൽ കൊലയാളി അശ്ലീല ചേഷ്ട കാണിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതിയെ കുണ്ടറ സി.ഐ വി.അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ശ്രീനഗറിൽ നിന്ന് പിടികൂടുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ എഫ്ഐആർ കോൾഡ് കേസ് വാർത്താ പരമ്പര കണ്ട ശ്രീനഗറിലെ മലയാളിയാണ് അഖിലിനെ തിരിച്ചറിഞ്ഞ് പൊലീസിൽ വിവരം നൽകിയത്.
നാല് മാസം പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊല കേസ് പ്രതി അഖിലിനെയാണ് കേരള പൊലീസ് ശ്രീനഗറിൽ എത്തി പിടികൂടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കസ്റ്റഡിയിൽ എടുത്ത പ്രതിയെ നാട്ടിൽ എത്തിച്ചു. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പ്രതിയുടെ മുഖത്ത് കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു.
2024 ഓഗസ്റ്റ് 16 ന് പടപ്പക്കരയിലെ വീട്ടിൽ വെച്ച് ആദ്യം മുത്തച്ഛൻ ആൻ്റണിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് അടുക്കളയിൽ പോയി ഭക്ഷണം ഉണ്ടാക്കി. ഭക്ഷണം വിളമ്പി നൽകാനായി അമ്മ പുഷ്പലതയെ അഖിൽ ഫോൺ വിളിച്ചു വരുത്തി. വീട്ടിലെത്തിയ അമ്മയെ ചുറ്റിക കൊണ്ട്
അക്രമിച്ചു. നിലത്ത് വീണ പുഷ്പലതയുടെ മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് കുത്തി. അമ്മയെ കൊന്ന ശേഷം പ്രതി ടിവി വച്ച് പാട്ട് കേട്ടു. ഉച്ചയ്ക്ക് 2 മണിയോടെ കൃത്യം നടത്തിയ പ്രതി വൈകിട്ട് 6 മണിയോടെ വീട്ടിൽ നിന്നും രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
അഖിൽ ലഹരി മരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam