
ചെങ്ങന്നൂർ: ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും രൂക്ഷമായ ജീവനക്കാരുടെ ക്ഷാമവും മൂലം കടുത്ത പ്രതിസന്ധിയിൽ. മൂന്നര ഏക്കറോളം വരുന്ന ഭൂമിയിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫീസും നിർമിച്ച് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ശോചനീയാവസ്ഥയിലാണ്. മണ്ഡലകാല തീർഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാന തീർഥാടന താവളമായ ചെങ്ങന്നൂരിലെ പൊലീസ് സ്റ്റേഷന്റെ ഈ ദുരവസ്ഥ ക്രമസമാധാനപാലനത്തിന് വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
106 വാർഡുകൾ ഉൾപ്പെടുന്ന വിശാലമായ പ്രദേശമാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്നത്. സുഗമമായ പ്രവർത്തനത്തിന് 120 തസ്തികകളുള്ള ഇവിടെ കുറഞ്ഞത് 106 ഉദ്യോഗസ്ഥരെങ്കിലും വേണം. എന്നാൽ നിലവിൽ 46 പേർ മാത്രമാണുള്ളത്. ഇത് കുറ്റകൃത്യങ്ങൾ തടയുന്നതിനും പരാതികളിൽ യഥാസമയം നടപടിയെടുക്കുന്നതിനും വലിയ തടസം സൃഷ്ടിക്കുന്നു. നഗരത്തിൽനിന്നും മാറി സ്ഥിതിചെയ്യുന്ന സ്റ്റേഷന് ചുറ്റുമതിൽ പോലുമില്ല. അപകടങ്ങളിൽപ്പെടുന്നതും കേസുകളിൽ പിടിച്ചെടുക്കുന്നതുമായ വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.
കൃത്യമായ സംരക്ഷണമില്ലാത്തതിനാൽ സ്റ്റേഷൻ പരിസരം കാടുപിടിച്ചുകിടക്കുകയാണ്. കേസിലുൾപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കുന്ന ഈ പ്രദേശം ഇപ്പോൾ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. പരിസരം വൃത്തിയാക്കാൻ പോലും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകുന്നില്ലെന്ന് ശക്തമായ ആക്ഷേപമുണ്ട്. സ്റ്റേഷനിൽ ആവശ്യത്തിന് കമ്പ്യൂട്ടറുകളോ അനുബന്ധ സാമഗ്രികളോ ഇല്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥർ സ്വന്തം കൈയിൽനിന്ന് പണം മുടക്കി സാധനങ്ങൾ വാങ്ങേണ്ട ഗതികേടിലാണ്. ജീവനക്കാരുടെ കുറവ് പരിഹരിക്കാനും ചുറ്റുമതിൽ നിർമിച്ച് സുരക്ഷ ഉറപ്പാക്കാനും ഭൗതിക സാഹചര്യങ്ങൾ ലഭ്യമാക്കാനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam