
ഇടുക്കി : മഴ അതിശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസവും ജില്ലയിൽ റെഡ് അലർട്ടാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്ര താല്‍കാലികമായി നിരോധിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ആറുമണിവരെയാണ് നിരോധനമേർപ്പെടുത്തിയത്. ഇന്ന് ചേർന്ന ജില്ലാ ദുരന്തനിവാരണ അതോരിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ ഖനനവും നിരോധിച്ചു ജലാശയങ്ങളിൽ മല്‍സ്യബന്ധനം പാടില്ല. ഓഫ് റോഡ് ട്രക്കിംഗ് അഡ്വഞ്ചര്‍ ടൂറിസം വിനോദസഞ്ചാരത്തിനുവേണ്ടിയുള്ള സ്വകാര്യ ബോട്ടിംഗ് എന്നിവ താല്‍ക്കാലികമായി ഒഴിവാക്കണമെന്നും ജില്ലാകളക്ടര്‍ നിർദ്ദേശിച്ചു.
അതി തീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ വലിയ ജാഗ്രതാ നിർദ്ദേശമാണുള്ളത്. ഇന്ന് തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ 12 ജില്ലകളിലും റെഡ് അലർട്ടാണ്. മധ്യ-തെക്കൻ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്.
അതിതീവ്രമഴ, ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, ഡാമുകൾ നിറയുന്നു; കൺട്രോൾ റൂം തുറന്നു, ജാഗ്രതാ നിർദ്ദേശം
മഴക്കെടുതി രൂക്ഷം
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. മൂന്ന് പേർ മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞാണ് അച്ഛനും രണ്ട് മക്കളും മരിച്ചത്.15 മിനിറ്റോളം വെള്ളത്തിൽ ഒഴുകി നടന്ന കാർ അഗ്നിരക്ഷാ സേനയാണ് കരയ്ക്ക് എത്തിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശി ചാണ്ടി മാത്യു മക്കളായ ബ്ലെസി, ഫെബ എന്നിവർ ആണ് മരിച്ചത്. പത്തനംതിട്ട അത്തിക്കയത്ത് ഒരാളെ ഒഴുക്കിൽപ്പെട്ടു കാണാതായി.
പത്തനംതിട്ടയിൽ പലയിടത്തും റോഡുകളിൽ വെള്ളക്കെട്ട് ഉണ്ട്. ചിറ്റാറിലും സീതത്തോട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്കിയിരിക്കുമാകയാണ്. കോട്ടയത്തു ഉരുൾ പൊട്ടിയ ഇരിമാപ്രയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്ന നിലയിലാണ്. ഈരാറ്റുപേട്ട,എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ തഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എറണാകുളം ആലുവായിൽ കനത്ത മഴയിൽ പല റോഡുകളിലും വെള്ളക്കെട്ടായി.
മഴക്കെടുതി - കൊല്ലം ജില്ലയിൽ അഞ്ച് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു
മഴക്കെടുതി രൂക്ഷമായ കൊല്ലം ജില്ലയിൽ അഞ്ച് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.
കൺട്രോൾ റൂം ഫോൺ നമ്പറുകൾ
ജില്ലാ കൺട്രോൾ റൂം
ലാൻഡ് ലൈൻ : 0474-2794002, 2794004
മൊബൈൽ : 9447677800 (വാട്ട്സാപ്പ്)
ടോൾ ഫ്രീ നമ്പർ : 1077
താലൂക്ക് കൺട്രോൾ റൂം
കരുനാഗപ്പള്ളി : 0476-2620233
കുന്നത്തൂർ : 0476-2830345
കൊല്ലം : 0474-2742116
കൊട്ടാരക്കര : 0474-2454623
പത്തനാപുരം : 0475-2350090
പുനലൂർ : 0475-2222605